'ആ സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യർ ഇന്ന് ഉണ്ടാകുമായിരുന്നില്ല, ഒരെണ്ണം കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു'; സല്ലാപത്തിന്‍റെ ഓർമകളുമായി മനോജ് കെ. ജയൻ
text_fieldsമഞ്ജു വാര്യരിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് സല്ലാപം. ലോഹിതദാസ് ഒരുക്കിയ ഈ ചിത്രത്തിൽ രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജു വാര്യർ നായികയായ ആദ്യചിത്രം കൂടിയാണിത്. തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ രാധ എന്ന കഥാപാത്രത്തെ മഞ്ജു മനോഹരമാക്കിയപ്പോൾ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡും ഈ ചിത്രത്തിലൂടെ മഞ്ജുവിനെ തേടിയെത്തി.
സംവിധായകൻ മോഹന്റെ സാക്ഷ്യം (1995) എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും എ. കെ ലോഹിതദാസ് എഴുതിയ സുന്ദർ ദാസിന്റെ സല്ലാപം (1996) ആണ് മഞ്ജുവിനെ അഭിനേത്രി എന്ന നിലയിൽ ഉറപ്പിച്ചത്. ഇപ്പോഴിതാ സല്ലാപത്തിൽ മഞ്ജു വാര്യരുടെ കൂടെയുള്ള ഒരു സീനിനെ കുറിച്ച് ഓർത്തെടുക്കുകയാണ് മനോജ് കെ. ജയൻ. പ്രണയം നഷ്ടമായ രാധ റെയിൽ പാളത്തിലൂടെ നടന്ന് ട്രെയിനിന് മുന്നിൽ ചാടാൻ നോക്കുന്ന ഒരു സീനുണ്ട് സല്ലാപത്തിൽ. ഈ സീൻ ചിത്രീകരിക്കുന്നതിനിടയിൽ മഞ്ജുവിന്റെ പ്രകടനം വളരെ വൈകാരികമായി പോവുകയും അപകടകരമാവുകയും ചെയ്തു.
'സല്ലാപത്തില്‍ മഞ്ജു വാര്യർ ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടിയായിട്ടാണ് എല്ലാവരും കണ്ടത്. കോമ്പിനേഷന്‍ സീനിൽ വന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇവള്‍ ഇവിടെയൊന്നും നില്‍ക്കില്ലെന്ന്. അപാര നടിയായിരുന്നു. നായികയായുള്ള ആദ്യ ചിത്രമാണെന്ന് ആരും പറയില്ല. അത്രക്കും അസാധ്യമായ പെർഫോമന്‍സായിരുന്നു മഞ്ജു കാഴ്ചവെച്ചത്. സല്ലാപത്തിലെ അവസാന സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യർ ഇന്ന് ഉണ്ടാകുമായിരുന്നില്ല. മഞ്ജു വാര്യർ തന്നെ ഇക്കാര്യം എഴുതിയിട്ടുണ്ട്. എനിക്ക് തന്നെ അവരെ പിടിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഒരു ആരോഗ്യത്തിന്റെ മുകളിലേക്ക് വരെ പോയി. ആ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത' മനോജ് കെ. ജയൻ പറഞ്ഞു.
24 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ആ സീന്‍ എടുക്കുന്നത്. ആത്മഹത്യ എന്നുള്ളത് ഒർജിനലാക്കാന്‍ പറ്റില്ലലോ. എന്നാല്‍ മഞ്ജു വന്നപ്പോള്‍ കാര്യം കൈവിട്ടു. എന്റെ കയ്യില്‍ നിന്നും ചെറുതായി ഒന്ന് വഴുതി പോയിരുന്നെങ്കില്‍ അപ്പോള്‍ ട്രെയിനിന് അടിയില്‍ പോയെനെ. ഞാന്‍ വിട്ടാല്‍ അവിടെ നില്‍ക്കണം. അതാണ് വേണ്ടത്. പക്ഷെ ഞാന്‍ വിട്ടാല്‍ കാര്യം പോക്കാണ്. അത്രയും ബലമായാണ് പിടിച്ചോണ്ടിരുന്നത്.
ട്രെയിനിന് വളരെ അടുത്ത് നിന്നാണ് ഷൂട്ട് ചെയ്യുന്നത്. ആ ഷോട്ട് ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ മതി എന്നായിരുന്നു എനിക്ക്. ആകെ വിഷമിച്ച് തളർന്ന് പോയി. ശരിക്കും ഒരെണ്ണം കൊടുത്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. പടത്തില്‍ ഞാന്‍ അടിക്കുന്നുണ്ട്. എന്തായാലും ആ സീന്‍ മനോഹരമായി. എല്ലാവരും കൈ അടിച്ചു. എനിക്കും സമാധാനമായി. കണ്ട എല്ലാവർക്കും പെട്ടെന്ന് മനസിലായി അവൾ മറ്റൊരു തലത്തിലാണ് പ്രവർത്തിക്കുന്നതെന്ന്. ആ അവസാന ഷോട്ടിൽ അവൾ കഥാപാത്രത്തിന് കീഴടങ്ങി. സാഹചര്യം നിയന്ത്രണാതീതമായി' മനോജ് കെ. ജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

