അന്ന് എന്നെ ആ വേഷത്തിൽ ഒരു 2-3 മണിക്കൂർ നിർത്തി, അതോടെ സിനിമ മടുത്തു; മനോജ് ഗിന്നസ്
text_fieldsമലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ് മനോജ് ഗിന്നസ്. സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മിമിക്രി കലാകാരനായ മനോജ് ഗിന്നസ്. 'ചോക്ലേറ്റ്' സിനിമയുടെ സെറ്റിൽ തനിക്കു നേരിടേണ്ടി വന്നത് അപമാനവും അവഗണനയുമായിരുന്നുവെന്ന് മനോജ് ഗിന്നസ് പറയുന്നു. സിനിമയിൽ ചാക്യാർ കൂത്തുകാരന്‍റെറെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസത്തെ ഷൂട്ടിനുവേണ്ടി ഒരായുഷ്കാലത്തെ കഷ്‌ടപ്പാടാണ് താൻ അനുഭവിച്ചതെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി.
'സിനിമയോടുള്ള താൽപര്യം കുറയാൻ കാരണം 'ചോക്ലേറ്റ്' സിനിമയാണ്. അതിൽ ചാക്യാർകൂത്ത് കലാകാരനായാണ് ഞാൻ അഭിനയിച്ചത്. രാജൻ പി. ദേവ് സർ കോളജിൽ വരുന്ന രംഗത്തിലാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. സോഹൻ സീനുലാൽ വിളിച്ച്, 'മനോജേ നീ ഒരു ചാക്യാർ കൂത്തുകാരൻ ആവാൻ നാളെ വരുമോ?' എന്നു ചോദിച്ചു. 'ചാക്യാർ കൂത്ത് എനിക്കറിയില്ല ഞാൻ ഓട്ടം തുള്ളലൊക്കെ'യാണ് എന്ന് പറഞ്ഞപ്പോൾ 'എടാ അതൊക്കെ മതീടാ, നീ ചെയ്യും. നീ ഒരു മേക്കപ്പ് മാനേയും കൂട്ടി ഇങ്ങ് വാ' എന്ന് സോഹൻ പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ച് എന്റെ നാട്ടിലെ ഒരു ചാക്യാർ കൂത്ത് കലാകാരനേയും കൂട്ടി വെളുപ്പിനു അഞ്ച് മണിക്ക് എറണാകുളം ടൗൺ ഹാളിൽ വന്നു.
രാവിലെ ഏഴു മണി ഒക്കെ ആയപ്പോഴേക്കും മേക്കപ്പ് ഇട്ടു. അരിപ്പൊടിയൊക്കെ വച്ച് വരക്കുകയാണ്. ചാക്യാർ കൂത്ത് വേഷം കെട്ടികഴിഞ്ഞാൽ സാധാരണ കസേരകളിൽ ഇരിക്കാൻ സാധിക്കില്ല. സ്‌റ്റൂളിൽ മാത്രം ഇരിക്കാൻ കഴിയുകയുള്ളു. രാവിലെ എടുത്ത ആദ്യ ഷോട്ട് എന്റെയാണ്. എൻ്റെ ഭാഗം എടുക്കുന്നതിനുവേണ്ടി ജൂനിയർ ആർട്ടിസ്റ്റുകളെക്കൊണ്ട് ഓഡിറ്റോറിയം മൊത്തം നിറഞ്ഞു. ഷൂട്ടിങ് തുടങ്ങി ഒരു ക്ലോസ് എടുക്കാം എന്നൊക്കെ പറഞ്ഞ് പതിയെ അവർ എല്ലാം പാക്ക് ചെയ്യുകയാണ്.
ഏതോ ഒരു ആർട്ടിസ്‌റ്റിന് തിരക്കുള്ളത് കാരണം ഈ രംഗത്തിന്റെ ബാക്കി പിന്നെയാണ് എടുക്കുന്നത്. അത് എനിക്ക് അറിയില്ല. ലൊക്കേഷനിൽ നിന്ന് വണ്ടിയൊക്കെ പോയി. മനോജ് ഇതൊക്കെ അഴിക്കണം, ഷൂട്ടിങ് ഇനി വൈകുന്നേരമേ ഉള്ളുവെന്ന് എന്നോട് ആരും പറയുന്നില്ല. ഞാനിങ്ങനെ നിൽക്കുകയാണ്, കയർ പുറകിൽ കെട്ടിവച്ചിരിക്കുന്നതിനാൽ ബാത്ത്റൂമിൽ പോലും പോകാൻ പറ്റില്ല. അങ്ങനെ നിന്ന് നിന്ന് 12 മണിയായി. രാവിലെ ഏഴ് മണിക്ക് നടന്നതാണ് ഇതെന്നോർക്കണം.
തുടർന്ന് ഉച്ചയോടെ ഭക്ഷണം എത്തി. അവിടെ നിന്നും ഞാനൊരു പ്ലേറ്റ് എടുത്തതും അവിടെ ഉണ്ടായിരുന്ന ഒരാൾ എന്നെ ഓടിച്ചു. 'പോടാ അവിടുന്ന്. അപ്പുറത്ത് പോയി കഴിക്ക്' എന്നു പറഞ്ഞ് ഒച്ചയിട്ടു. ഞാൻ നോക്കിയപ്പോൾ അവിടെ കോളേജ് പിള്ളേർ ഭക്ഷണത്തിനായി ഇടികൂടുകയാണ്. ഈ വേഷത്തിൽ എനിക്ക് അവിടെ പോയി ഭക്ഷണം കഴിക്കാനാകില്ല.
എനിക്ക് ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പ്ലേറ്റ് അവിടെ ഇട്ടതും പട്ടണം ഷാ എന്ന് പറയുന്ന മേക്കപ്പ് മാൻ എന്നെ കണ്ടു. അദ്ദേഹം എന്ത് പറ്റിയെന്ന് തിരക്കുകയും ഞാൻ നടന്ന കാര്യങ്ങൾ പറയുകയും ചെയ്തു. അതോടെ അദ്ദേഹം 'ഇത് ആരാണെന്ന് അറിയുമോ. അയാൾ ഈ മേക്കപ്പ് ഇങ്ങനെയൊക്കെ ഇട്ടുകൊണ്ടാണ് തനിക്ക് മനസ്സിലാകാത്തത്' എന്നൊക്കെ പറഞ്ഞു. അപ്പോൾ അയാൾ സോറിയൊക്കെ പറഞ്ഞു. എന്തൊക്കെ ആയാലും ഇനി ഞാൻ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞ് വീണ്ടും ഒരു രണ്ടര മണിക്കൂർ സെറ്റിൽ ആ വേഷത്തിൽ ഇരുന്നു.
ഇനിയും ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസിലായതോടെയാണ് വേഷം അഴിച്ച് തിരികെ റൂമിലേക്കു പോകുന്നത്. എന്നാൽ അന്നേ ദിവസം രാത്രി 12 മണിക്ക് സോഹൻ വീണ്ടും വിളിച്ചു. 'എവെിടയുണ്ട് വാ ഷൂട്ട് തുടങ്ങാം' എന്നു പറഞ്ഞു. ഇനി ഞാൻ വരില്ല, എന്ത് സിനിമയാണെന്നു പറഞ്ഞാലും വരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നോട് ഒരു വാക്ക് നിങ്ങൾക്കു പറയാമായിരുന്നു. ഇനി ഇതെല്ലാം അഴിച്ചു വച്ചോളൂ, രാത്രി എട്ടു മണിക്കാണ് ഇനി ഷൂട്ട് ഒള്ളു എന്നു പറഞ്ഞാൽ ഞാൻ പോരില്ലേ. എന്നോട് ഇത് ആരും പറഞ്ഞില്ല, ഞാനിത് അഴിക്കാതെ രണ്ടര മൂന്ന് മണിക്കൂർ ഇരുന്നില്ലേ. ചേട്ടാ ഒരു ഷോട്ട് എടുത്തുവച്ചതല്ലേ എന്ന് എല്ലാവരും പറഞ്ഞു.
പക്ഷേ അപ്പോഴേക്കും ഞാൻ വിളിച്ചുകൊണ്ടു വന്ന മേക്കപ്പ്മാൻ തിരിച്ചുപോയിരുന്നു. ഷൂട്ടിങ് വണ്ടിയും വന്നു കിടക്കുന്നു. എല്ലാവരും ഞാൻ വരുന്നതും നോക്കിയിരിക്കുന്നു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ തന്നെ സ്വയം മേക്കപ്പിട്ട് അവിടെ ചെന്ന് അഭിനയിച്ചു. ഇങ്ങനെയുള്ള ചെറിയ തിക്‌തമായ അനുഭവം സിനിമയോടു നിന്നുണ്ടായി. പിന്നെയൊരു ആഗ്രഹം മനസ്സിലുണ്ടായത് സിനിമ ചെയ്യണം എന്നതാണ്. അത് ഞാൻ ചെയ്യും. വാശിയല്ല, അതൊരു ആഗ്രഹമാണ്,' മനോജ് ഗിന്നസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

