മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ
text_fieldsസൗബിൻ ഷാഹിർ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ഹാജരായേക്കും. 14 ദിവസത്തിനകം ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ നിർമാതാക്കൾക്ക് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈകോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു നടപടി.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. എന്നാൽ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈകോടതി വ്യക്തമാക്കി.
ഇരുന്നൂറ് കോടിയോളം രൂപ നേടി ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024ൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യതയാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

