'നീതി പൂർണമല്ല, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്നു'; കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മഞ്ജു വാര്യർ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് നടി മഞ്ജുവാര്യർ. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും ഇത് ആസൂത്രണം ചെയ്തവർ പകൽ വെളിച്ചെത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്നുവെന്ന് മഞ്ജു വാര്യർ സമൂഹമാധ്യങ്ങളിൽ കുറിച്ചു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
"ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല.
ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം."
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ നടൻ ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കവെ ആദ്യം പരാമർശിച്ച പേര് മഞ്ജു വാര്യരുടേയായിരുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമാണെന്നും അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയതെന്നും ദിലീപ് പറഞ്ഞു. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ഈ പരാമർശങ്ങൾ ഏറെ വിവാദമായെങ്കിലും മഞ്ജു പ്രതികരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

