ഫ്രഞ്ച് ചിത്രത്തിൽ മാമുക്കോയയോ!
text_fieldsകോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യം. നാടകത്തിലൂടെ സിനിമയിലെത്തി. ഹാസ്യവേഷങ്ങളിലും കാരക്ടർ റോളുകളിലും തിളങ്ങി. പറഞ്ഞ് വരുന്നത് മാമുക്കോയയെ കുറിച്ചാണ്. സിബി മലയിലിന്റെ 'ദൂരെദൂരെ ഒരു കൂടുകൂട്ടാം' എന്ന സിനിമയിലാണ് മാമുക്കോയക്ക് ആദ്യമായി ശ്രദ്ധേയമായ വേഷം ലഭിക്കുന്നത്. ശ്രീനിവാസനായിരുന്നു ചിത്രത്തിന്റെ തിരക്കഥ. പിന്നീട് ശ്രീനിവാസൻ–സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമകളിലൂടെ മാമുക്കോയ അറിയപ്പെടുന്ന നടൻമാരുടെ നിരയിലേക്കുയർന്നു.
തന്റെ അഭിനയ ശൈലി മലയാളത്തിൽ മാത്രം ഒതുക്കിയ നടനായിരുന്നില്ല മാമുക്കോയ. നാല് തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച്/ജർമൻ ചിത്രത്തിലും മാമുക്കോയ അഭിനയിച്ചുണ്ട്. 1997ൽ ഫ്രഞ്ച് ചിത്രമായ 'ഫ്ലാമ്മെൻ ഇം പാരഡീസ്/ ഫ്ലാമെൻസ് ഓഫ് പാരഡൈസ്' എന്ന സിനിമയിലാണ് മാമുക്കോയ അഭിനയിച്ചിട്ടുള്ളത്. ജോസഫ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തിയത്. ഫ്രഞ്ച് ചിത്രത്തിലും തന്‍റെ തനതായ മലബാർ ശൈലിയിൽ തന്നെയാണ് മാമുക്കോയ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഒരു വിഡിയോ യുട്യൂബിൽ ലഭ്യമാണ്.
കേരളത്തിൽ വെച്ച് ഷൂട്ട് ചെയ്ത ഈ സിനിമയിൽ അഭിനയിക്കാനായി മാമുക്കോയയേയും തിലകനെയും വേണമെന്ന് സംവിധായകനായ മാർകസ് ഇംഹൂഫ് സംവിധായകൻ ഷാജി.എൻ കരുണിനോട് പറയുകയായിരുന്നു. മാമുക്കോയ മാത്രമല്ല, അന്തരിച്ച നടന്മാരായ സാലു കൂറ്റനാട്, പി.സി സോമൻ തുടങ്ങിയവരും ഈ ചിത്രത്തിൽ മലയാളികളായി തന്നെ അഭിനയിച്ചിട്ടുണ്ട്. തിലകന് പകരം പി.സി സോമനാണ് ആ വേഷം ചെയ്തത്.
ഈ സിനിയിൽ അഭിനയിച്ചത് അബദ്ധത്തിലാണെന്ന് മാമുക്കോയ ഒരിക്കലൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ സ്വിസ് ദൗത്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന നായികയും തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ മലയാളി കഥാപാത്രങ്ങളായാണ് മാമുക്കോയയും സാലു കൂറ്റനാടും, പി.സി സോമനും എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

