'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം'; എം.ടിയുടെ ഓർമ ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി
text_fieldsമലയാളത്തിലെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ ഓർമ ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി. 'പ്രിയ ഗുരുനാഥൻ വിട പറഞ്ഞിട്ട് ഒരു വർഷം' എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ക്രിസ്മസ് രാത്രിയിലാണ് പ്രിയ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും സിനിമാ സംവിധായകനും നിർമാതാവും അധ്യാപകനുമൊക്കെയായി വേഷപ്പകർച്ച നടത്തിയ അതുല്യപ്രതിഭ വിട പറയുന്നത്.
എം.ടി കഥയും തിരക്കഥയും രചിച്ച 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിക്കുന്നത്. പിന്നീട് മമ്മൂട്ടിയെ മാത്രം മനസ്സിൽ കണ്ട് രചിച്ച നിരവധി കഥാപാത്രങ്ങൾ ഹിറ്റ് സൃഷ്ടിച്ചു. വടക്കൻ വീരഗാഥയിലെ ചന്തുവും സുകൃതത്തിലെ രവി ശങ്കറും പഴശ്ശിരാജയും അങ്ങനെ അങ്ങനെ...
വിശദീകരിക്കാനാകാത്ത ആത്മബന്ധമാണ് തനിക്ക് എം.ടിയുമായുള്ളതെന്ന് മമ്മൂട്ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൊച്ചിയിൽ നടന്ന പിറന്നാൾ ചടങ്ങിൽ കാലിടറിയ എം.ടി തന്‍റെ പ്രിയ ശിഷ്യന്‍റെ മാറിലേക്ക് ചാഞ്ഞത് ആ ആത്മബന്ധത്തിന്‍റെ നേർക്കാഴ്ചയായിരുന്നു.
അക്ഷരങ്ങൾ, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങി ഒരുപിടി സിനിമകൾക്ക് മമ്മൂട്ടിക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും രചിക്കാൻ എം.ടി പേന ചലിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

