കുറേക്കാലം എനിക്ക് മണവും രുചിയും കിട്ടുന്നില്ലായിരുന്നു, ഇതൊക്കെ ഇല്ലാതാകുമ്പോഴേ വിലയറിയൂ -മമ്മൂട്ടി
text_fieldsആരോഗ്യപ്രശ്നത്തെത്തുടർന്ന് നടൻ മമ്മൂട്ടി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത് ആരാധകരെ ആശങ്കപ്പെടുത്തിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ഒരു ഘട്ടത്തിൽ തനിക്ക് രുചിയും മണവും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 16-ാം വാർഷികാഘോഷവും കേൾവിപരിമിതിയുള്ളവർക്കായുള്ള 'കാതോടു കാതോരം' പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുറേക്കാലത്തേക്ക് മണവും രുചിയും ഒന്നും എനിക്ക് ഇല്ലായിരുന്നു. ഇപ്പോൾ കുറേയായി കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഇല്ലാതാകുമ്പോഴേ വിലയറിയൂ. ചില പാട്ടുകൾ നമുക്ക് ഇഷ്ടമാണ് ചിലത് ഇഷ്ടമല്ല, കേൾക്കുന്നത് കൊണ്ടാണ് ഇതൊക്കെ. കേൾക്കാത്തവർക്ക് എന്തെങ്കിലും കേട്ടാൽ മതിയെന്നാകും. കേൾവി എന്നത് ഒരു അനുഗ്രഹമാണ്. അത് ലഭിക്കാതെ പോയ ധാരാളം പേരുണ്ട്. അവർക്കു വേണ്ടിയാണ് ഈ പദ്ധതി. നന്മചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിർക്കുക. ഇതാണ് ഭൂമിയിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യം' -മമ്മൂട്ടി പറഞ്ഞു.
കേൾവി പരിമിതിയുള്ള നിർധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കാനുള്ള ജീവകാരുണ്യ പദ്ധതിക്കാണ് മമ്മൂട്ടി തുടക്കമിട്ടത്. ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായവർക്ക് വലിയ തുക ചെലവ് വരുന്ന ശസ്ത്രക്രിയയും തുടർ ചികിത്സയും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ആന്തരിക കർണത്തിലെ കോക്ലിയയിലെ കോശങ്ങളുടെ ശക്തി തീരെ കുറയുന്ന അവസ്ഥ കൊണ്ടുണ്ടാകുന്ന കേൾവി കുറവ് അനുഭവിക്കുന്ന വ്യക്തികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

