പപ്പയുടെ സ്വന്തം അപ്പൂസിന് ഇത്രമാത്രം, ‘ഹാപ്പി ബെർത്ത് ഡേ ചാലു’
text_fieldsദുൽഖർ സൽമാനും മമ്മൂട്ടിയും
നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ താരത്തിന് ലഭിച്ച ആശംസകളിൽ ഒന്ന് തികച്ചും അപ്രതീക്ഷിതം. ‘ഹാപ്പി ബെർത്ത് ഡേ ചാലു’ എന്ന് മാത്രം കുറിച്ച് തന്നോടൊപ്പമുള്ള ദുൽഖറിന്റെ ചിത്രം പങ്കുവെച്ചാണ് ആ പിറന്നാൾ പോസ്റ്റ്. തനിക്ക് അത്രയേറെ പ്രിയപ്പെട്ടവനായിട്ടും, സിനിമയിലെത്തിയ നാള്‍ മുതല്‍ തന്‍റെ സോഷ്യല്‍ വാളില്‍ ദുല്‍ഖറിന്‍റെ ചിത്രങ്ങളോ സിനിമകളോ പങ്കുവെക്കാതിരുന്നയാൾ. മറ്റാരുമല്ല ദുൽഖറിന്റെ, മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി.
മമ്മൂട്ടിയുടെ മകനെന്ന ടാഗില്‍ നിന്ന് വളരെ വേഗം ദുല്‍ഖര്‍ മലയാള സിനിമക്കും അതിനുമപ്പുറവും വളർന്നെങ്കിലും, ഇന്നുവരെ പിറന്നാള്‍ ആശംസ മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു, മമ്മൂട്ടിയുടെ പോസ്റ്റ്. ഒടുവില്‍ ദുല്‍ഖറിന്റെ 43ാം പിറന്നാളിന് ആശംസ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ.
അതിനിടെ, ദുൽഖറിന് ആശംസകൾ നേർന്ന് മമ്മൂട്ടി കമ്പനി പങ്കുവെച്ച, ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വാപ്പച്ചിക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രമാണ് മമ്മൂട്ടി കമ്പനി പുറത്തുവിട്ടത്.
‘ഹാപ്പി ബർത്ത് ഡേ ദുൽഖർ സൽമാൻ. അർഥവത്തായ കഥകളും, മറക്കാനാവാത്ത കഥാപാത്രങ്ങളും, നിങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ പുതിയ നാഴികക്കല്ലുകളും നിറഞ്ഞ മറ്റൊരു വർഷം ആശംസിക്കുന്നു. സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശവും മികച്ചതിനായുള്ള നിരന്തരമായ പരിശ്രമവും എല്ലായിടത്തുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്നത് തുടരും.
തുടർന്നുള്ള വർഷങ്ങളിലും നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും മികച്ച വിജയങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു’ - എന്നാണ് മമ്മൂട്ടി കമ്പനിയുടെ പിറന്നാൾ ആശംസ. ദുൽഖർ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്.
ദുല്‍ഖറിന്‍റെ പിറന്നാളിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ താരത്തിന് ആശംസാപ്രവാഹമാണ്. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ഹിന്ദിയും സജീവമായതിനാൽ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് ആശംസകള്‍ ലഭിക്കുന്നുണ്ട്. ആന്‍റണി വര്‍ഗീസ് പെപ്പെ, രമേഷ് പിഷാരടി, അനുപമ പരമേശ്വരന്‍, സ്വാസിക, പൂജ ഹെഗ്ഡേ, വിനയ് ഫോര്‍ട്ട്, നിമിഷ് രവി, സോനം കപൂര്‍ തുടങ്ങി ഒട്ടേറെപ്പേർ പിറന്നാള്‍ ആശംസ പങ്കുവെച്ചു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഐ ആം ഗെയിം’, പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ ‘ആകാശം ലോ ഓക താര’, മറ്റൊരു തെലുങ്ക് ചിത്രമാണ് ‘ശ്രീ ശ്രീ’ എന്നിവയാണ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.
ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയ ദുൽഖർ, ദുബൈയിൽ ബിസിനസ് മാനേജരായി ജോലി ചെയ്ത ശേഷമാണ് അഭിനയരംഗത്തേക്ക് കടന്നത്. ബാരി ജോൺ ആക്ടിങ് സ്റ്റുഡിയോയിൽ മൂന്ന് മാസത്തെ അഭിനയ കോഴ്‌സിന് ശേഷം സെക്കൻഡ് ഷോ (2012) എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശനം. പിന്നീട്, നിർമാതാവ് എന്ന നിലയിലും തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

