15-ാം വയസ്സിൽ തെന്നിന്ത്യയിലെ സൂപ്പർ നായിക, ബോളിവുഡിലും സാന്നിധ്യം; സിനിമ ഉപേക്ഷിച്ച് ബിസിനസ് രംഗത്ത് എത്തിയ നടി ഇപ്പോൾ ശതകോടീശ്വരി...
text_fields90കളിൽ ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ ഗ്ലാമർ നായികമാരിൽ ഒരാൾ. ബാലതാരമായെത്തി നായികയായി മാറിയ ഈ നടി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യീദി വിജയലക്ഷ്മി എന്ന രംഭയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളത്തിൽ 1992-ൽ തന്റെ 15-ാം വയസ്സിൽ വിനീത് നായകനായ 'സർഗം' എന്ന ചിത്രത്തിലൂടെയാണ് രംഭ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രജനികാന്ത്, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം നായികയായും രംഭ അഭിനയിച്ചിട്ടുണ്ട്.
അതേ വർഷം തന്നെ ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിലും അഭിനയിച്ചു. 1976 ജൂൺ അഞ്ചിന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ തെലുങ്ക് കുടുംബത്തിലാണ് രംഭയുടെ ജനനം. തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവുമെല്ലാം രംഭ അഭിനയിച്ചിട്ടുണ്ട്.
രജനികാന്ത് നായകനായ 'അരുണാചലം' എന്ന തമിഴ് ചിത്രത്തിൽ രംഭ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. സുന്ദരി, സൗന്ദര്യ, രംഭ എന്നിവരായിരുന്നു ഈ സിനിമയിലെ നായികമാർ. മലയാളത്തിൽ 'സിദ്ധാർത്ഥ' എന്ന സിനിമയിലാണ് രംഭ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. 1998ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തത് ജോമോൻ ആണ്. ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു സാധാരണക്കാരനായ ഡ്രൈവറുടെ വേഷമാണ് ചെയ്തത്. രംഭ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര് സിദ്ധാർത്ഥ എന്നായിരുന്നു.
‘പെൻ സിങ്കം’ എന്ന ചിത്രത്തിലാണ് രംഭ അവസാനമായി അഭിനയിച്ചത്. 2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച 'ത്രീ റോസ്സസ്' എന്ന ചിത്രമാണ് നിർമിച്ചത്. നടി 2010 ൽ കനേഡിയൻ വ്യവസായി ഇന്ദ്രകുമാർ പത്മനാഭനെ വിവാഹം കഴിച്ച് വിദേശത്ത് സ്ഥിരതാമസമാക്കി. അവർക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ഭർത്താവിന്റെ ബിസിനസിൽ പങ്കാളിയാണ് രംഭ. മാജിക് വുഡ്‌സ് എന്ന കമ്പനിയുടെ ഡയറക്ടറാണ് രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ. ദമ്പതികൾക്ക് അഞ്ചോളം കമ്പനികളുണ്ട്. 2000 കോടി രൂപയോളമാണ് രംഭ- ഇന്ദ്രകുമാർ ദമ്പതികളുടെ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

