'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ'; വയനാട് ടൗൺഷിപ്പ് സന്ദർശിച്ചതിൽ മമ്മൂട്ടിക്കെതിരെ കടുത്ത സെബർ ആക്രമണം
text_fieldsസി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനൊപ്പം മമ്മൂട്ടി ടൗൺഷിപ്പ് സന്ദർശനത്തിൽ
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചു എന്ന് ആരോപിച്ച് നടനെതിരെ രൂക്ഷ സൈബർ ആക്രമണം. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് താരം ടൗൺഷിപ്പിലെത്തിയത്. താമസക്കാരോട് കുശലാന്വേഷണം നടത്തുകയും നാട്ടുകാര്‍ മമ്മൂട്ടിക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തിരുന്നു. സന്ദർശനത്തിന്‍റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടനെതിരെ വൻതോതിലുള്ള സൈബർ ആക്രമണം ഉണ്ടായത്.
സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് 'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും അതൃപ്തിക്ക് കാരണമായി.
ഡി.വൈ.എഫ്.ഐ പ്രാദേശിക ഘടകങ്ങളുടെ ഉൾപ്പെടെ സാമൂഹികമാധ്യമ പേജുകളിലാണ് കടുത്ത വിമർശനം നടനെതിരെ ഉയരുന്നത്. ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറയാൻ മമ്മൂട്ടി ആരാണ് എന്ന ചോദ്യമാണ് സൈബർ ഗ്രൂപ്പുകൾ ചോദിക്കുന്നത്. മമ്മൂട്ടിയെന്ന മഹാനടനിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
'അപൂർവമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങൾ എല്ലാരും ചേർന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്.
ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുളളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്' എന്നായിരുന്നു ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

