Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅഭിനയം ഒഴിവാക്കി അന്ന്...

അഭിനയം ഒഴിവാക്കി അന്ന് മമ്മൂട്ടി സംവിധായകനാകാൻ തീരുമാനിച്ചു; ആ സിനിമയോടെ പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞു...

text_fields
bookmark_border
അഭിനയം ഒഴിവാക്കി അന്ന് മമ്മൂട്ടി സംവിധായകനാകാൻ തീരുമാനിച്ചു; ആ സിനിമയോടെ പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞു...
cancel
camera_alt

മമ്മൂട്ടി സിനിമ സെറ്റിൽ നിന്നും

ഇന്ത്യൻ സിനിമയിൽ നടന്മാർ പിന്നീട് സംവിധായകരായത് പുതിയ സംഭവമല്ല. ഗുരു ദത്ത്, രാജ് കപൂർ, അപർണ സെൻ, കമൽ ഹാസൻ, രേവതി എന്നിവർ മുതൽ ആമിർ ഖാൻ, നന്ദിത ദാസ്, കങ്കണ സെൻ ശർമ, അജയ് ദേവ്ഗൺ, സീമ പഹ്‌വ, ഫർഹാൻ അക്തർ, നസീറുദ്ദീൻ ഷാ, ആർ. മാധവൻ എന്നിങ്ങനെ ബോളിവുഡിലെ ലിസ്റ്റ് വളരെ നീണ്ടതാണ്. മലയാള സിനിമയിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഷീല, മധു, പ്രതാപ് പോത്തൻ, ശ്രീനിവാസൻ, വേണു നാഗവള്ളി, കൊച്ചിൻ ഹനീഫ, മധുപാൽ, പൃഥ്വിരാജ് സുകുമാരൻ, വിനീത് ശ്രീനിവാസൻ, മോഹൻലാൽ തുടങ്ങി പ്രമുഖ നടന്മാർ ചലച്ചിത്ര സംവിധായകരായി എത്തിയിട്ടുണ്ട്. മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയും ഒരുകാലത്ത് സംവിധായകനാകാൻ ആലോചിച്ചിരുന്നു. എന്നാൽ, ചലച്ചിത്ര സംവിധാനത്തോടുള്ള അഭിനിവേശം കൊണ്ടായിരുന്നില്ല അത്.

ഇന്നത്തെ മെഗാസ്റ്റാർ ആകുന്നതിനു മുമ്പ് മമ്മൂട്ടിയുടെ കരിയറിൽ ഒരു സമയമുണ്ടായിരുന്നു. അദ്ദേഹം ഉൾപ്പെടെ എല്ലാവരും മമ്മൂട്ടിയെന്ന നടന്റെ സിനിമ ജീവിതത്തിലെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് ഉറപ്പിച്ചിരുന്ന സമയം. 1980കളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ ഒന്നിനുപുറകെ ഒന്നായി തകർന്നു. ഭാവിയിൽ മമ്മൂട്ടിക്ക് സഹനടൻ വേഷങ്ങൾ മാത്രമേ ലഭിക്കൂ എന്ന് മിക്ക ആളുകളും വിലയിരുത്തി.

സിനിമയോടുള്ള അടക്കാനാവാത്ത അഭിനിവേശം കാരണം മമ്മൂട്ടി സംവിധാനത്തിലേക്ക് തിരിയാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിക്കൽ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി തനിക്കായി ഒരു തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 'നാൽക്കവല (1987) എന്ന സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് അഭിനയത്തിൽ നിന്ന് ഉടൻ പിന്മാറാൻ സാധ്യതയുണ്ടെന്ന് മമ്മൂട്ടി ഒരു സൂചന നൽകി. വാസ്തവത്തിൽ, ആ സമയത്ത് ഒരു സിനിമ സംവിധാനം ചെയ്യാൻ എനിക്ക് പരിചയമുള്ള വർഗീസ് എന്ന വ്യക്തിയിൽ നിന്ന് അദ്ദേഹം ഒരു മുൻകൂർ തുക പോലും വാങ്ങിയിരുന്നു. അഭിനയത്തിൽ കാലുറപ്പിക്കാനായില്ലെങ്കിൽ പോലും സിനിമാ സംവിധാനത്തിലൂടെ ഈ മേഖലയിൽ നിലനിൽക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി,' ഒരു ടെലിവിഷൻ ചാനലിലെ ടോക്ക് ഷോയിൽ സംസാരിക്കവെ ശ്രീനിവാസൻ പറഞ്ഞു.

'തിരക്കഥ എഴുതാൻ മമ്മൂട്ടി സുഹൃത്തും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനെയും സമീപിച്ചു. അവർ ചർച്ചകൾക്കായി ഇടക്കിടെ കാണാൻ തുടങ്ങി. ഇത് മാസങ്ങളോളം തുടർന്നു. അന്ന് അദ്ദേഹം സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയുടെ കഥ നിലമ്പൂരിലെ ആദിവാസി സമൂഹത്തെ കേന്ദ്രീകരിച്ചാണെന്ന് ഞാൻ കേട്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഞങ്ങൾ നാൽക്കവലയുടെ ലൊക്കേഷനിൽ കണ്ടുമുട്ടിയത്. ഒരു ദിവസം മമ്മൂട്ടി പെട്ടെന്ന് എന്നോട് ചോദിച്ചു, ഞാൻ ചെയ്യാൻ പോകുന്ന സിനിമക്ക് ഒരു തിരക്കഥ എഴുതാമോ എന്ന്'.

ശ്രീനിവാസൻ നേരത്തെ തന്നെ മറ്റു ചില സിനിമകളുടെ തിരക്കിലായിരുന്നതിനാൽ പെട്ടെന്ന് മറുപടി നൽകിയില്ല. അപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞത് ‘ഞാൻ എം.ടി. വാസുദേവൻ നായരോട് ചോദിച്ചാൽ അദ്ദേഹം എനിക്ക് വേണ്ടി എഴുതും’ എന്നാണ്. പക്ഷേ, ആ സിനിമ വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് എം.ടിക്ക് മാത്രമായിരിക്കും. നിങ്ങളാണെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല എന്ന്. ഇത് കേട്ടപ്പോൾ ഞാൻ മറുപടി പറഞ്ഞത്, 'ഓ എനിക്ക് മനസ്സിലായി. അപ്പോൾ എനിക്ക് ഒന്നും നൽകാതെ സിനിമയുടെ എല്ലാ ക്രെഡിറ്റും നിങ്ങൾക്ക് കിട്ടും അല്ലേ? ശരി, നിങ്ങൾക്ക് എന്റെ കൈയിൽ നിന്ന് അങ്ങനെ ഒരു സ്ക്രിപ്റ്റ് ലഭിക്കാൻ പോകുന്നില്ല!' എന്നായിരുന്നു. ആ പ്രോജക്റ്റ് ഏറ്റെടുക്കുന്നത് ഒഴിവാക്കാൻ ഞാൻ അത് ഒരു അവസരമായി എടുത്തു.' ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്നിരുന്നാലും സിനിമയിൽ തുടരാൻ മമ്മൂട്ടിക്ക് സംവിധായകനാകേണ്ടി വന്നില്ല. സംവിധായകൻ ജോഷിയുടെ ന്യൂഡൽഹി (1987) എന്ന ചിത്രത്തിലൂടെ അദ്ദേഹം ഗംഭീരമായ തിരിച്ചുവരവ് നടത്തി. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ന്യൂഡൽഹിയുടെ അഭൂതപൂർവമായ വിജയം മമ്മൂട്ടിയെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തി. അതിനുശേഷം അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എന്നിട്ടും, സിനിമാ സംവിധാനത്തിൽ ഒരു കൈ നോക്കാനുള്ള ആഗ്രഹം മെഗാസ്റ്റാറിന്റെ ഹൃദയത്തിൽനിന്ന് പെട്ടെന്ന് മാഞ്ഞുപോയില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

പിന്നീട് വർഷങ്ങൾക്കുശേഷം ചെന്നൈയിൽവെച്ചു കണ്ടപ്പോൾ വീണ്ടും സംവിധാനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചു. താനൊരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ ‘സിനിമ കണ്ടതിനുശേഷം പറയുന്നതല്ലേ നല്ലത്’ എന്നായിരു​ന്നു ശ്രീനിവാസന്റെ തമാശരൂപേണയുള്ള പ്രതികരണം. എന്നാൽ, തുടക്കം മുതൽ അവസാനം വരെ ആ സിനിമ എങ്ങനെ ആയിരിക്കണമെന്ന ധാരണ തനിക്കുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. രസകരമെന്താണെന്നുവെച്ചാൽ ആ സിനിമക്ക് ഒരു കഥ ഉണ്ടായിരുന്നില്ല എന്നതാണ്. അതേക്കുറിച്ച് മമ്മൂട്ടിയും ചിന്തിച്ചില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyfilm directorMOLLYWOODEntertainment NewsCelebrities
News Summary - Mammootty considered becoming a film director as he feared being phased out of acting after consecutive flops
Next Story