വോട്ടർ പട്ടികയിൽ പേരില്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ടില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാകില്ല. പൊന്നുരുന്നി സി.കെ.സി എല്‍.പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു മമ്മൂട്ടി കഴിഞ്ഞ തവണ വരെ വോട്ട് ചെയ്തിരുന്നത്.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 1,32,83,789 വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുന്നത്. 17,046 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരു ട്രാൻസ്ജെൻഡറുമടക്കം 36,620 സ്ഥാനാർഥികളാണുള്ളത്. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
പ്രശ്നബാധിത ബൂത്തുകളിലക്കം പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആകെ 15,422 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 13നാണ് വോട്ടെണ്ണൽ.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറിന് പരസ്യപ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ 1,53,78,927 പേരാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

