മൂത്തോൻ മടങ്ങിയെത്തി; മമ്മൂട്ടി സ്വയം കാറോടിച്ച് ചെന്നൈ വിമാനത്താവളത്തിൽ
text_fieldsമഹേഷ് നാരായണന്‍റെ പുതിയ സിനിമയുടെ ലോക്കേഷനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തി നടൻ മമ്മൂട്ടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ലെങ്കിലും അദ്ദേഹം മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു. ഭാര്യ സുൽഫത്തും സുഹൃത്തും നിർമാതാവുമായ ആന്‍റോ ജോസഫും അദ്ദേഹത്തിനൊപ്പമുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണം താരം സിനിമയിൽ നിന്ന് ഏഴ് മാസത്തെ ഇടവേളയെടുത്തിരുന്നു. സ്വയം കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്.
ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ ഒമ്പത് ദിവസം ഹൈദരാബാദിൽ ചിത്രീകരണം ഉണ്ടാകും. നടന്‍റെ തിരിച്ചു വരവിനെക്കുറിച്ച് ആന്‍റോ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസ്സാന്നിധ്യത്തിന്‍റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും' -എന്ന് അന്‍റോ ജോസഫ് കുറിച്ചു.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാട്രിയറ്റിനുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തുവെന്ന സൂചന നൽകിയതും ആന്റോ ജോസഫായിരുന്നു.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി' -എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ സന്തത സഹചാരികളായ എസ്.ജോർജും രമേശ് പിഷാരടിയും സമാനമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

