തെന്നിന്ത്യൻ താരറാണിയാകാൻ മമിത, തമിഴിൽ നായികയായി ഒരുങ്ങുന്നത് ഒട്ടേറെ സിനിമകൾ
text_fieldsപ്രണയവും സൗഹൃദവും എല്ലാ തലമുറക്കും അനിർവചനീയമായൊരു കാര്യമാണ്. ജീവിതയാത്രയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതിലൂടെയൊക്കെ പോയവരായിരിക്കും എല്ലാവരും. പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ കുരുങ്ങിപ്പോകുന്ന അപൂർവം ചിലരെങ്കിലുമുണ്ട്. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുരുങ്ങിപ്പോകുന്നവർ. പ്രദീപ് രംഗനാഥൻ നായകനായെത്തിയിരിക്കുന്ന 'ഡ്യൂഡ്' എന്ന സിനിമയിൽ മമിത ബൈജു അവതരിപ്പിച്ചിരിക്കുന്ന കുരൽ എന്ന കഥാപാത്രം ഈയൊരവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.
ഒട്ടേറെ സിനിമകളിൽ മുമ്പും ഇത്തരത്തിലുള്ള നായിക കഥാപാത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നൊക്കെ വ്യത്യസ്തമായി 'ഡ്യൂഡ്' എന്ന സിനിമയിൽ മമിത അസാധ്യമായ അഭിയനമുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. മമിത ചിരിക്കുമ്പോള്‍ നമ്മളും ചിരിക്കും, കരയുമ്പോള്‍, മനമിടറുമ്പോൾ നമ്മുടെ തൊണ്ടയുമിടറും. ഒരു അഭിനേതാവ് വിജയിക്കുന്നത് അപ്പോഴാണ്. സ്ക്രീനിൽ അവരുടെ അഭിനയം പ്രേക്ഷകർക്ക് അനുഭവമായി മാറിയപ്പോൾ മമിത അതിൽ വിജയിച്ചു.
സൂപ്പർശരണ്യയും പ്രേമലുവും ഉള്‍പ്പെടെയുള്ള ഒട്ടേറെ സിനിമകളിൽ നമ്മള്‍ മമിതയുടെ വേഷപ്പകർച്ചകള്‍ കണ്ടതാണ്. അതിൽ നിന്നൊക്കെ വിഭിന്നമായ വേഷമാണ് ഡ്യൂഡിലേത്. ഏറെ പക്വമായി തനിക്ക് ലഭിച്ച വേഷം മമിത കൈകാര്യം ചെയ്തിട്ടുണ്ട്. കോമഡിയും ഇമോഷനുമൊക്കെ അനായാസമായി ചിത്രത്തിൽ താരം ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിലാകെ കൈ നിറയെ സിനിമകളുമായി മമിത ബൈജു ഇപ്പോള്‍ തെന്നിന്ത്യൻ താരറാണിയാകാനായി ഒരുങ്ങുകയാണ്. 'ഡ്യൂഡ്' സിനിമക്ക് പിന്നാലെ ജനനായകൻ, സൂര്യ 46, ഡി 54... തുടങ്ങിയ സിനിമകളിലും നായികയായെത്താനൊരുങ്ങുകയാണ് മമിത.
റൊമാൻസിന് റൊമാൻസ്, ആക്ഷന് ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയായി തിയറ്ററുകളിൽ ഏവരും ഏറ്റെടുത്തിരിക്കുകയാണ് 'ഡ്യൂഡ്'. ലവ് ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥന്‍റെ ഏറ്റവും പുതിയ ചിത്രമായ ഡ്യൂഡ് കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. പ്രദീപിന്‍റെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ 'ലവ് ടുഡേ', 'ഡ്രാഗൺ' തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് തന്നെയായിരുന്നു. ചിത്രത്തിൽ രസകരമായൊരു വേഷത്തിൽ ശരത് കുമാറും മികവ് പുലർത്തിയിട്ടുണ്ട്.
സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ മനം കവരുന്നതാണ്. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

