മൂന്ന് വർഷത്തിനുള്ളിൽ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ നായിക, പിന്നീട് സിനിമ ഉപേക്ഷിച്ചു; മലയാളികളുടെ 'രാക്ഷസി' ഇപ്പോൾ എവിടെ?
text_fieldsസിനിമയിൽ എത്തുന്നതിനെക്കാൾ സിനിമയിൽ നിലനിൽക്കുന്നതാണ് പ്രയാസമെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ഈ നിലനിൽക്കൽ പ്രക്രിയയെ അതിജീവിക്കാനാകാതെ പലരും പാതിവഴിയിൽ വീണു പോകാറുണ്ട്. എന്നാൽ ചിലർ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെ തന്നെ സിനിമ ഉപേക്ഷിക്കുന്നതും നാം കാണുന്നുണ്ട്. അത്തരത്തിൽ സിനിമ ജീവിതം ഉപേക്ഷിച്ച മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രേണുക മേനോൻ.
രേണുക മേനോൻ എന്ന് പറഞ്ഞാൽ അധികമാർക്കും മനസിലാകണമെന്നില്ല. എന്നാൽ നമ്മൾ സിനിമയിലെ അപ്പുവിനെ മലയാളികൾ മറക്കാൻ സാധ്യതയില്ല. മായാമോഹിത ചന്ദ്രൻ എന്ന ചിത്രത്തിലായിരുന്നു രേണുക ആദ്യം അഭിനയിച്ചത്. എന്നാൽ ആ സിനിമ വെളിച്ചം കണ്ടില്ല. അങ്ങനെ 'നമ്മൾ' രേണുകയുടെ ആദ്യ ചിത്രമായി മാറി. ക്രിസ്മസ് സീസണിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
ജിഷ്ണുവും സിദ്ധാർത്ഥും രേണുകയും അഭിനയിച്ച രാക്ഷസി എന്ന പാട്ടും അന്ന് ഹിറ്റായിരുന്നു. ഇന്ന് പരിശോധിക്കുമ്പോൾ ആ പാട്ടിന്‍റെ വരികൾക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അന്ന് അത് തിരിച്ചറിയപ്പെട്ടിരുന്നില്ല. പിന്നീട് പൃഥ്വിരാജിനൊപ്പം മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും (2003) എന്ന ചിത്രത്തിൽ രേണുക നായികയായി അഭിനയിച്ചു. തൊട്ടടുത്ത വർഷം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. 2005-ൽ തമിഴ്, കന്നഡ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. അങ്ങനെ മൂന്ന് വർഷത്തിനുള്ളിൽ നാല് ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലകളിലും അവർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
2005-ൽ രവി മോഹനൊപ്പം 'ദാസ്' എന്ന ചിത്രത്തിലും രേണുക അഭിനയിച്ചു. 2006-ൽ മൂന്ന് സിനിമകൾ രേണുകയുടേതായി പുറത്തു വന്നു. സുരേഷ് ഗോപിയുടെ 'പതാക' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. എന്നാൽ 2006-ൽ നാല് വർഷത്തെ അഭിനയ ജീവിതത്തിന് ശേഷം രേണുക സിനിമയോട് വിട പറഞ്ഞു.
2006-ൽ കാലിഫോർണിയ ആസ്ഥാനമായുള്ള ഐ.ടി പ്രൊഫഷണലായ തിരുവനന്തപുരം സ്വദേശിയായ സൂരജിനെ രേണുക വിവാഹം കഴിച്ചു. പിന്നീട് അദ്ദേഹത്തോടൊപ്പം യു.എസിൽ സ്ഥിരതാമസമാക്കി. ഇപ്പോൾ സിനിമ മേഖലയുമായി ബന്ധമില്ലെങ്കിലും കലാ ലോകവുമായുള്ള ബന്ധം അവർ വിച്ഛേദിച്ചിട്ടില്ല. രേണുക യു.എസിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

