Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖങ്ങൾക്കപ്പുറം കഥാപാത്രങ്ങളെ കണ്ടെത്തിയ മേക്കപ്പ് മാൻ

text_fields
bookmark_border
മൂന്ന് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതവുമായി ഹസ്സൻ വണ്ടൂർ
മുഖങ്ങൾക്കപ്പുറം കഥാപാത്രങ്ങളെ കണ്ടെത്തിയ മേക്കപ്പ് മാൻ
cancel
camera_alt

ഹസ്സൻ വണ്ടൂർ : ഫോട്ടോ: ചിന്നു ഷാന

വണ്ടൂരിലെ ഒരു വസ്ത്രനിർമാണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവ്. അവിടെ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്. ടൈലറായെത്തി കോസ്റ്റ്യൂം ഡിസൈനറായും പിന്നീട് മേക്കപ്പ് മാനായും വളർന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ 180ലധികം ചിത്രങ്ങളുടെ ഭാഗമായ ഹസ്സൻ വണ്ടൂരിന്റെ യാത്ര മലയാള സിനിമയുടെ മാറ്റങ്ങളുടെ കൂടി ചരിത്രമാണ്.

വസ്ത്രശാലയിൽ നിന്ന് സിനിമയിലേക്ക്

സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വണ്ടൂരിലെ വഹീദ ഫാബ്രിക്സിൽ ജോലി ചെയ്യുന്നതിനിടെയാണ് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. ചുരിദാറുകളും ഷർട്ടുകളും മറ്റും നിർമിച്ച് വിതരണം നടത്തിയിരുന്ന സ്ഥാപനമായിരുന്നു അത്. പരസ്യത്തിന് സിനിമകൾക്കും വസ്ത്രങ്ങൾ നൽകിയിരുന്നു. അതിനിടെ സിനിമയിലെ കോസ്റ്റ്യൂമർമാരുമായി പരിചയപ്പെട്ടു.

ഒരിക്കൽ ജയിൽ കോസ്റ്റ്യൂമുമായി സിനിമാ ലൊക്കേഷനിലെത്തിയപ്പോൾ അവിടെ തുടരാൻ അവസരം ലഭിച്ചു. ശമ്പളമൊന്നും ലഭിക്കാതിരുന്നിട്ടും ഒരു മാസത്തോളം അവിടെ ജോലി ചെയ്തു. ഇതിനിടെയാണ് മേക്കപ്പ് മാൻ പ്രകാശ് ചോക്കാടിനെ പരിചയപ്പെടുന്നത്. ആ പരിചയം സിനിമയിലെ പുതിയൊരു വാതിൽ തുറന്നു.

അടിസ്ഥാനപരമായി ടൈലറായിരുന്നതിനാൽ ആദ്യം കോസ്റ്റ്യൂം വിഭാഗത്തിലാണ് പ്രവർത്തിച്ചത്. ബാബു ആന്റണിയുടെ ‘നെപ്പോളിയൻ’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഊട്ടി ബാബു, വേലായുധൻ കീഴില്ലം, ദുരൈ തുടങ്ങിയവർക്കൊപ്പം ‘മന്ത്രമോതിരം’, ‘ഗുരുശിഷ്യൻ’ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു.

13 വർഷം നീണ്ട പഠനം

കോസ്റ്റ്യൂം ഡിസൈനിൽ നിന്ന് മേക്കപ്പിലേക്ക് വഴിമാറിയത് സ്വാഭാവികമായിട്ടായിരുന്നു. മേക്കപ്പ് മാൻ എം.ഒ. ദേവസ്യയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം പി.എൻ. മണിയുടെ കൂടെയും ജോലി ചെയ്തു. ഏകദേശം 13 വർഷം അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് സ്വതന്ത്ര മേക്കപ്പ് മാനായത്.

കുഞ്ചാക്കോ ബോബനൊപ്പം വളർന്ന ബന്ധം

അസിസ്റ്റന്റ് മേക്കപ്പ് മാൻ ആയിരുന്ന കാലത്താണ് കുഞ്ചാക്കോ ബോബനുമായി അടുത്ത ബന്ധം തുടങ്ങുന്നത്. പിന്നീട് കുഞ്ചാക്കോ ബോബന്റെ പേഴ്സണൽ മേക്കപ്പ് മാൻ ആയി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ‘സാമം’, ‘കസ്തൂരിമാൻ’ തുടങ്ങിയ ചിത്രങ്ങൾ മുതൽ ‘മല്ലുസിങ്’ വരെ ആ ബന്ധം തുടർന്നു.

കുഞ്ചാക്കോ ബോബൻ ഇടവേളയെടുത്ത സമയത്താണ് മമ്മൂട്ടിയുടെ ‘കയ്യൊപ്പ്’ എന്ന ചിത്രത്തിലൂടെ ഹസ്സൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് ചാക്കോച്ചൻ തിരിച്ചെത്തിയപ്പോൾ വീണ്ടും അദ്ദേഹത്തോടൊപ്പം ചേർന്നു. എന്നാൽ ഹസ്സന് ചിത്രങ്ങൾ കൂടുകയും തിരക്ക് വർധിക്കുകയും ചെയ്തതോടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ചാക്കോച്ചൻ തന്നെയാണ് പ്രോത്സാഹിപ്പിച്ചത്. പകരം മറ്റൊരാളെ ഏർപ്പാടാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നുരണ്ട് പേരെ ഏർപ്പാടാക്കിയെങ്കിലും അവർ തുടരാതെ വന്നതോടെ സ്വന്തം അനിയൻ മുഹ്സിനെ കുഞ്ചാക്കോ ബോബന്റെ മേക്കപ്പ് ചുമതല ഏൽപ്പിക്കുകയായിരുന്നു.

‘കുഞ്ചാക്കോ ബോബനെ അല്ലാതാക്കി’

180ലധികം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹസ്സന് ഏറെ സംതൃപ്തി നൽകിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ‘ന്നാ താൻ കേസ് കൊട്’ ആണ്. കുഞ്ചാക്കോ ബോബനെ കുഞ്ചാക്കോ ബോബൻ അല്ലാതെ ആക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് ആ ചിത്രത്തിന്റെ പ്രത്യേകത. ‘കാന്താര’, ‘തങ്കലാൻ’ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഹസ്സൻ പറയുന്നു. സാധാരണയായി പട്ടണം റഷീദിക്കക്കൊപ്പമാണ് ഇത്തരം ജോലികൾ ചെയ്യുന്നത്. തമിഴ് സിനിമയിൽ ലഭിക്കുന്ന സ്വാതന്ത്ര്യവും അദ്ദേഹം എടുത്തുപറയുന്നു. എന്നാൽ അവിടെ പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റുകൾക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതെന്നും ഹസ്സൻ പറയുന്നു.

മേക്കപ്പ് കാണാൻ പാടില്ലാത്ത കാലം

സിനിമയിലെ മേക്കപ്പിന്റെ രീതികളും കാഴ്ചപ്പാടുകളും വലിയ തോതിൽ മാറിയിട്ടുണ്ട്. മേക്കപ്പ് ചെയ്തുവെന്ന് പ്രേക്ഷകന് മനസ്സിലാകാത്ത വിധം സ്വാഭാവികമായ ലുക്കാണ് ഇപ്പോൾ പ്രധാനമെന്ന് ഹസ്സൻ പറയുന്നു.

'മേക്കപ്പ് കൂടുതലായാൽ പ്രശ്നമാണ്. കുറഞ്ഞാൽ അത്ര പ്രശ്നമില്ല. ഇപ്പോൾ മേക്കപ്പിനേക്കാൾ മേക്കോവറിനാണ് പ്രാധാന്യം. ഹെയർ കട്ടിങ്, ലുക്ക് മാറ്റം തുടങ്ങിയവയിലൂടെയും കഥാപാത്രത്തെ രൂപപ്പെടുത്തുന്നു.'

പുതിയ സിനിമകളിൽ സ്ക്രിപ്റ്റ് വായിക്കാൻ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് അവസരം ലഭിക്കുന്നതും വലിയ മാറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പണ്ട് സംവിധായകൻ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞുതരുന്നതിനെ ആശ്രയിച്ചായിരുന്നു പലപ്പോഴും മേക്കപ്പ് തയാറാക്കിയിരുന്നത്.

സാങ്കേതികവിദ്യ മാറുമ്പോൾ മേക്കപ്പും മാറുന്നു

പ്രോസ്തെറ്റിക് മേക്കപ്പിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. വിദേശത്തുനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ ഇന്ത്യയിലും ഇവ നിർമിക്കുന്നുണ്ട്. ചെന്നൈയിലും ചെങ്കൽപേട്ടിലുമൊക്കെ നിർമാണ സൗകര്യങ്ങളുണ്ട്. എറണാകുളത്തും മേക്കപ്പ് ഉപകരണങ്ങൾ ലഭിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

ഓൺലൈൻ വാങ്ങൽ എളുപ്പമാണ്

കാമറ സാങ്കേതികവിദ്യ മാറിയതോടെ മേക്കപ്പിലും കൃത്യത ആവശ്യമായി. താടിയും മീശയും ഒട്ടിക്കുന്നതുപോലുള്ള കാര്യങ്ങളിൽ പോലും ചെറിയ പിഴവ് കാമറയിൽ വ്യക്തമായി കാണാമെന്ന് അദ്ദേഹം പറയുന്നു.

പുതിയ തലമുറക്കൊപ്പം

നിലവിൽ വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന ‘ചടങ്ങ്’ എന്ന ചിത്രത്തിൽ മേക്കപ്പ് ചെയ്യുന്നത് ഹസ്സൻ തന്നെയാണ്. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ഓൺലൈൻ സംവിധാനങ്ങളെയും പരിശീലന സ്ഥാപനങ്ങളെയും ആശ്രയിക്കുന്നു.

പട്ടണം റഷീദിക്കയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്. പുണെയിലും ചെന്നൈയിലും പരിശീലന സൗകര്യങ്ങളുണ്ട്. പട്ടണം റഷീദിക്കയുടെ കൂടെ കൂടുതൽ ജോലി ചെയ്യുന്നതിന്റെ ഒരു കാരണം കൂടുതൽ പഠിക്കണമെന്ന ആഗ്രഹം കൂടിയാണ്.

നിരീക്ഷണം

മേക്കപ്പ് ആർട്ടിസ്റ്റിന് ഏറ്റവും പ്രധാനമായി വേണ്ടത് നിരീക്ഷണപാടവമാണെന്നാണ് ഹസ്സന്റെ അഭിപ്രായം. ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചുമാത്രമല്ല, മനുഷ്യരെ നിരീക്ഷിച്ചുകൊണ്ടാണ്. നമ്മുടെ നാട്ടിലുള്ള മനുഷ്യരെ തന്നെ നിരീക്ഷിക്കണം. ഒരു കൂലിപ്പണിക്കാരൻ, മുസ്ലിയാർ, പള്ളീലച്ചൻ, വെളിച്ചപ്പാട് ഒക്കെ എങ്ങനെയായിരിക്കും എന്നൊക്കെ നോക്കണം. സംവിധായകൻ പറയുന്ന കഥാപാത്രത്തെ അതിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തുന്നത്.

ഇന്ന് കമ്പ്യൂട്ടറിലും മൊബൈലിലും തന്നെ വിവിധ ലുക്കുകൾ പരീക്ഷിക്കാം. താടിയും മുടിയും വെച്ചാൽ എങ്ങനെയുണ്ടാകും എന്നതുപോലും മുൻകൂട്ടി സജ്ജീകരിക്കാനാകും. എ.ഐയും ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ടെന്നും ഹസ്സൻ പറയുന്നു.

പുരസ്കാരങ്ങൾ

1994ൽ സിനിമയിലെത്തിയ ഹസ്സൻ വണ്ടൂർ ഇതിനകം 180ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ പുരസ്കാരങ്ങളുടെ പിന്നാലെ പോകുന്ന സ്വഭാവമില്ല. ‘കയ്യൊപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാര പരിഗണനയിൽ എത്തിയെങ്കിലും പലപ്പോഴും പുരസ്കാരം കൈയെത്തുംദൂരത്ത് നഷ്ടപ്പെട്ട അനുഭവമുണ്ട്. ലഭിച്ചിട്ടുള്ള പ്രധാന അംഗീകാരം ഡി.സി. ഡാനിയേൽ അവാർഡ് ആണ്.

സിനിമയിലെ സഹായങ്ങൾ

സിനിമയിൽ നിന്ന് ലഭിച്ച സഹായങ്ങളിൽ ഏറ്റവും വൈകാരികമായി ഓർക്കുന്നത് കുഞ്ചാക്കോ ബോബന്റെ പിന്തുണയാണ്. ഉമ്മ അസുഖബാധിതയായി കിടന്ന സമയത്ത് ചാക്കോച്ചൻ നൽകിയ സഹായം ഹസ്സൻ ഇന്നും മറന്നിട്ടില്ല. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് ചാക്കോച്ചൻ. ഞങ്ങളുടേത് ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൽ നിന്നുപോലും ലഭിക്കാത്ത പരിഗണന അദ്ദേഹത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അത്ര വിശാലമനസ്കനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. കൊറോണ കാലത്ത് അജു വർഗീസ് ഉൾപ്പെടെയുള്ളവരും സഹായിച്ചിരുന്നുവെന്നും ഹസ്സൻ ഓർക്കുന്നു.

ശത്രുക്കളില്ലാത്ത സിനിമാ ജീവിതം

സിനിമയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്നാണ് ഹസ്സന്റെ അനുഭവം. അതിന് കാരണമായി അദ്ദേഹം പറയുന്നത് തന്റെ സ്വഭാവമാണ്. ഞാൻ അധികമാരുമായും അമിതമായി അടുക്കാൻ ശ്രമിക്കാറില്ല. സിനിമ എന്റെ ഉപജീവനമാർഗമാണ്. കാശുണ്ടായാലും ആഡംബരത്തോടെ നടക്കാൻ ഇഷ്ടമില്ല. സിനിമയിലെ ജാടകളൊന്നും എന്നെ ബാധിക്കാറില്ല. ഒരു പരിധിയിലുള്ള ബന്ധമാണ് എല്ലാവരോടും. ഇടിച്ചുകയറി എവിടെയും ചെല്ലാറില്ല. സ്വയം പ്രമോട്ട് ചെയ്യാറുമില്ല. അതുകൊണ്ടായിരിക്കാം എനിക്ക് ശത്രുക്കളില്ലാത്തത്. സിനിമയിലെ താരപ്പകിട്ടിനപ്പുറം സാധാരണക്കാരനായി ജീവിക്കാനാണ് താൽപര്യമെന്നും അദ്ദേഹം പറയുന്നു.

പഠിച്ചുകൊണ്ടേയിരിക്കുന്നു

ടൈലറുടെ കൈവഴക്കത്തിൽ നിന്ന് കോസ്റ്റ്യൂം ഡിസൈനിലേക്കും അവിടെ നിന്ന് മേക്കപ്പിലേക്കും. അസിസ്റ്റന്റായി 13 വർഷത്തെ കഠിനപരിശീലനം. പിന്നീട് സ്വതന്ത്ര മേക്കപ്പ് മാൻ. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള താരങ്ങളുടെ വിശ്വസ്തനായ പേഴ്സണൽ മേക്കപ്പ് മാൻ. 180ലധികം സിനിമകൾ. എന്നാൽ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഹസ്സൻ വണ്ടൂർ പറയുന്നത് പഠിച്ചുകൊണ്ടേയിരിക്കണമെന്നാണ്.

സിനിമയുടെ മുഖം മാറുമ്പോൾ കഥാപാത്രങ്ങളുടെ മുഖവും മാറുന്നു. ആ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്നതാണ് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ യഥാർഥ വെല്ലുവിളി. മുഖത്ത് മേക്കപ്പ് പുരട്ടുന്നതിലുപരി, ആ മുഖത്തിനുള്ളിലെ കഥാപാത്രത്തെ കണ്ടെത്തുകയാണ് ഹസ്സൻ വണ്ടൂർ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The makeup artist who discovered characters beyond faces
Next Story