Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീർത്തിചക്രയിലെ മേജർ മഹാദേവൻ താൻ തന്നെയാണെന്ന് മേജർ രവി; ‘എന്‍റെ അനുഭവങ്ങളാണ് സിനിമയാക്കിയത്’

text_fields
bookmark_border
major ravi
cancel
camera_alt

മോഹൻലാൽ, മേജർ രവി

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര. കശ്മീരിന്റെ തണുത്തുറഞ്ഞ മലനിരകളിൽ ഇന്ത്യൻ സൈന്യം തീവ്രവാദികളോട് നടത്തുന്ന പോരാട്ടത്തിന്റെ നേർക്കാഴ്ചയായിരുന്നു ചിത്രം. ചിത്രത്തിൽ മേജർ മഹാദേവൻ എന്ന സൈനിക ഓഫീസറായി മോഹൻലാൽ ജീവിക്കുകയായിരുന്നു.

മലയാളികൾ ഇന്നും നെഞ്ചിലേറ്റുന്ന ആ കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി മനസ് തുറന്നത്. കീർത്തിചക്രയിലെ മേജർ മഹാദേവൻ എന്ന കഥാപാത്രം മറ്റാരുമല്ല, താൻ തന്നെയാണെന്ന് മേജർ രവി തുറന്നുപറയുന്നു. പട്ടാള ജീവിതത്തിൽ താൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളിൽ നിന്നാണ് ആ കഥാപാത്രത്തെ താൻ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സിനിമയിലെ ഓരോ കഥാപാത്രത്തിനു പിന്നിലും തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ യഥാർത്ഥ മനുഷ്യരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്. ഞാൻ കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെയാണ് ഞാൻ സിനിമയാക്കുന്നത് മേജർ രവി പറഞ്ഞു. ഇതുകൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ചിത്രത്തിൽ നടൻ ജീവ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് തന്റെ മാനേജരും ഏറ്റവും അടുത്ത സുഹൃത്തുമായ ക്യാപ്റ്റൻ അനിൽകുമാറാണെന്ന് മേജർ രവി പറഞ്ഞു. 1988ലാണ് താൻ അനിൽകുമാറിനെ ആദ്യമായി പരിചയപ്പെടുന്നതെന്നും അന്ന് തുടങ്ങിയ സൗഹൃദം 38 വർഷമായി ഇന്നും അതേ സ്നേഹത്തോടെ തുടരുന്നുവെന്നും മേജർ രവി പറഞ്ഞു.

ആ ആത്മബന്ധമാണ് ജീവയുടെ കഥാപാത്രമായി സ്ക്രീനിൽ എത്തിയത്. ഇതിനിടെ മുൻപ് മേജർ രവി നടത്തിയ മറ്റൊരു വെളിപ്പെടുത്തലും വീണ്ടും ചർച്ചയാകുന്നുണ്ട്. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ താൻ ഒരു രഹസ്യ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നും എന്നാൽ കോവിഡ് മഹാമാരി കാരണം ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2006ലാണ് കീർത്തിചക്ര തിയറ്ററുകളിലെത്തിയത്. മേജർ രവിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഈ ചിത്രം. മോഹൻലാലിനെ കൂടാതെ ലക്ഷ്മി ഗോപാലസ്വാമി, ഗോപിക, ബിജു മേനോൻ, സ്ഫടികം ജോർജ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. ബോക്സോഫീസിൽ വൻ വിജയമായ ചിത്രം പിന്നീട് 'അരൻ' എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് പുറത്തിറക്കിയപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Major Ravi Reveals Keerthichakra Character Inspiration
Next Story