'ഒ.ടി.ടിയിൽ കാണാതെ തിയറ്ററിൽ കാണൂ.. തലവര നിങ്ങളുടെ ഹൃദയം തൊടും, നിരാശപ്പെടുത്തില്ല, ഇതെന്‍റെ ഉറപ്പ്'; മഹേഷ് നാരായണൻ
text_fieldsഅർജുൻ അശോകൻ ചിത്രം 'തലവര' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ 'തലവര' തിയറ്ററുകളിലെത്തി തന്നെ കാണണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാവും ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ സംവിധായകനുമായ മഹേഷ് നാരായണൻ.
'കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയായിരുന്നു. പക്ഷേ ഇന്ന് ഒരു ഹൃദയസ്പർശിയായൊരു കാരണവുമായാണ് ഞാൻ എത്തിയിരിക്കുന്നത്. ആത്മാവ് കൊടുത്ത് ഏറെ സത്യസന്ധമായി, സ്നേഹപൂർവ്വം ആത്മാർഥതയോടെ ഞങ്ങളൊരുക്കിയ ചിത്രമാണ് 'തലവര'. ഇത്തരത്തിലുള്ള സിനിമകള്‍ സ്ട്രീങ് പ്ലാറ്റ്‍ഫോമിലോ ടിവിയിലോ എത്തുമ്പോള്‍ കാണാമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ള ഫിലിം മേക്കേഴ്സിന് തിയേറ്ററുകളിൽ നിങ്ങളുടെ സാന്നിധ്യം തരുന്ന സ്നേഹം പിന്തുണയും വളരെ വലുതാണ്. ആ സ്നേഹം തന്നെയാണ് തിയറ്ററുകൾക്കപ്പുറം സിനിമക്ക് ജീവൻ നൽകുന്നത്. അതിനാൽ ദയവായി നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലെത്തി തലവരയോടുള്ള സ്നേഹം പങ്കുവക്കൂ. ഈ സിനിമ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്' എന്ന് മഹേഷ് നാരായണൻ കുറിച്ചു.
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'തലവര'ക്ക് തിയറ്ററുകള്‍തോറും മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്.
അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.
അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് അനീഷും എഡിറ്റിങ് രാഹുൽ രാധാകൃഷ്ണനും ഹൃദ്യമായ പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് ഇലക്ട്രോണിക് കിളിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

