ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈകോടതി
text_fieldsസംഗീതസംവിധായകൻ ഇളയരാജയുടെ ചിത്രങ്ങൾ, പാട്ടുകൾ എന്നിവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അനധികൃതമായി ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈകോടതി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം യൂട്യൂബ് ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, സംഗീത കമ്പനികൾ എന്നിവ കൃത്രിമമായി നിർമിച്ച ഫോട്ടോഗ്രാഫുകൾ, എ.ഐ- ജനറേറ്റഡ് വിഷ്വലുകൾ, കാരിക്കേച്ചറുകൾ എന്നിവ പ്രചരിപ്പിക്കുന്നത് കോടതി വിലക്കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എന്‍. സെന്തില്‍ കുമാറിന്റെ ഇടക്കാല വിധി.
പൊതുജനങ്ങൾ ഇളയരാജയുടെ സംഗീതം ആസ്വദിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയല്ല ഹരജി സമർപ്പിച്ചിരിക്കുന്നതെന്ന് അഭിഭാഷകൻ എസ്. പ്രഭാകരൻ വ്യക്തമാക്കി. റീലുകൾ, മീമുകൾ, ഡീപ്ഫേക്ക്-സ്റ്റൈൽ വിഡിയോകൾ, മോർഫ് ചെയ്ത ഫോട്ടോഗ്രാഫുകൾ എന്നിവയുൾപ്പെടെ ഇളയരാജയുടെ ഐഡന്റിറ്റി വ്യാപകമായ വാണിജ്യ ചൂഷണത്തിന് വിധേയമാകുന്നത് കൊണ്ടാണ് ആശങ്ക ഉടലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ബെഞ്ച് ഇളയരാജക്ക് അനുകൂലമായി ഉത്തരവിറക്കിയതിനൊപ്പം, വ്യക്തിത്വ സവിശേഷതകൾ സമ്മതമില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കുകയും ഡിസംബർ 19നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. അതിനുശേഷം കേസ് കൂടുതൽ വാദം കേൾക്കും. കേസ് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു.
അതേസമയം, അനുമതിയില്ലാതെ തന്‍റെ ഗാനം ഉപയോഗിച്ചതിന് പ്രദീപ് രംഗനാഥൻ ചിത്രം 'ഡ്യൂഡി'ന്‍റെ നിർമാതക്കളായ മൈത്രി മൂവി മേക്കേഴ്സിനെതിരെ ഇളയരാജ പരാതി നൽകിയിരുന്നു. ഭാരതിരാജ സംവിധാനം ചെയ്ത 'പുതു നെല്ലു പുതു നാട്' (1991) എന്ന സിനിമയിലെ 'കറുത്തമച്ചാ' എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. 'ഡ്യൂഡി'ൽ തന്റെ ഗാനം നിയമവിരുദ്ധമായി ഉപയോഗിച്ചതിന് ഇളയരാജ സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ, എക്കോ റെക്കോർഡിങ് കമ്പനി, ഓറിയന്റൽ റെക്കോർഡ്സ് എന്നിവക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

