'ഒരുകാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യം, പിന്നീട് അലോസരപ്പെടുത്താൻ തുടങ്ങി'; ബോളിവുഡ് ഉപേക്ഷിച്ചതിനെക്കുറിച്ച് മധുബാല
text_fieldsബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമയിലേക്ക് മാറിയതിന്റെ കാരണത്തെക്കുറിച്ച് നടി മധുബാല (മധു) അടുത്തിടെ തുറന്നു പറഞ്ഞു. ലെഹ്രെൻ റെട്രോക്ക് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിൽ തുടരാനുള്ള താൽപ്പര്യം നഷ്ടപ്പെട്ടതിനെക്കുറിച്ച് മധുബാല പരാമർശിച്ചത്. 1997 ആയപ്പോഴേക്കും തനിക്ക് അതൃപ്തി തോന്നിത്തുടങ്ങിയിരുന്നു എന്ന് അവർ പറഞ്ഞു. സർഗാത്മകമായ അതൃപ്തി കാരണം അമിതാഭ് ബച്ചനൊപ്പമുള്ള സിനിമ നിരസിച്ചതിനെക്കുറിച്ചും അവർ ഓർമിച്ചു.
'ഞാൻ നല്ല ജോലിയല്ല ചെയ്യുന്നതെന്ന് കരുതിയിരുന്നു. ദക്ഷിണേന്ത്യയിലെ യാഥാർഥ്യബോധമുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചതിനുശേഷം, ആത്മാർഥതയില്ലാത്ത പ്രോജക്ടുകളിലേക്ക് മടങ്ങുന്നത് വിചിത്രമായി തോന്നി. സെറ്റുകളിൽ പോകുന്നതിനുമുമ്പ് ഞാൻ ദുഃഖിക്കാൻ തുടങ്ങി. ഒരുകാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യം, പിന്നീട് എന്നെ അലോസരപ്പെടുത്താൻ തുടങ്ങി' -മധുബാല കൂട്ടിച്ചേർത്തു.
അത്തരം ബുദ്ധിമുട്ടിലൂടെ കടന്നുപോയ കാലയളവിലാണ് മധു തന്റെ ജീവിത പങ്കാളിയായ ആനന്ദ് ഷായെ കണ്ടുമുട്ടിയത്. ആ സമയത്തെ അവർ യാദൃശ്ചികമെന്നാണ് വിശേഷിപ്പിച്ചത്. സിനിമയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രണയം ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് മധുബാല പറഞ്ഞു. വിവാഹിതയായ ശേഷം അഭിനയത്തിൽ നിന്ന് പൂർണമായും പിന്മാറുകയായിരുന്നു.
വിവാഹത്തിന് തൊട്ടുമുമ്പാണ് അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ മധുബാലക്ക് അവസരം ലഭിക്കുന്നത്. എന്നാൽ അവർ അത് നിരസിച്ചു. പിന്നീട് സൗന്ദര്യയാണ് ആ വേഷം ചെയ്തത്. സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ തന്‍റെ സെക്രട്ടറി പുനർവിചിന്തനം നടത്താൻ ആവശ്യപ്പെട്ടു. പക്ഷേ താരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു എന്ന് താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

