ആരാധകരെ ശാന്തരാകുവിൻ! എൽ.സി.യു അവസാനിച്ചിട്ടില്ല; കൈതി 2, വിക്രം 2, പിന്നെ റോളക്സും വരുമെന്ന് ഉറപ്പിച്ച് ലോകേഷ് കനകരാജ്
text_fieldsലോകേഷ് കനകരാജ്
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) ഭാവി പ്രതിസന്ധിയിലാണെന്നും സംവിധായകൻ ലോകേഷ് കനകരാജ് ഈ ഫ്രാഞ്ചൈസി ഉപേക്ഷിക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമം. കൈതി, വിക്രം, ലിയോ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളെ കോർത്തിണക്കി തെന്നിന്ത്യൻ സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച എൽ.സി.യു ഇനി ഉണ്ടാകില്ലെന്ന തരത്തിൽ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.
ഇത് സിനിമാപ്രേമികളെയും ലോകേഷ് ആരാധകരെയും ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം വെറും വ്യാജമാണെന്ന് വ്യക്തമാക്കി ലോകേഷ് കനകരാജ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. എൽ.സി.യു തന്റെ ഭാവി പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി തുടരുമെന്ന് അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ലോകേഷ് കനകരാജ് ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകിയത്. എൽ.സി.യു പ്രോജക്ടുകൾ പൂർണ്ണമായും നിർത്തിവെച്ചു എന്ന തരത്തിലുള്ള വാർത്തകളെ അദ്ദേഹം ശക്തമായി നിഷേധിച്ചു.
‘എൽ.സി.യു അവസാനിപ്പിച്ചു എന്ന തരത്തിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നത് ഞാനും കണ്ടു. ഒരുപക്ഷേ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ എന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറായ ജി സ്ക്വാഡ് പോലും ഞാൻ പൂട്ടിയേക്കാം, പക്ഷേ എനിക്ക് ഒരിക്കലും എൽ.സി.യു അവസാനിപ്പിക്കാൻ കഴിയില്ല. സത്യം പറഞ്ഞാൽ 'LCU' എന്ന പേര് പോലും ഞാൻ ഇട്ടതല്ല. സോഷ്യൽ മീഡിയയിലൂടെ ആരാധകരാണ് ആ പേര് കണ്ടെത്തിയത്, ഞാൻ അത് സന്തോഷത്തോടെ സ്വീകരിച്ചു എന്ന് മാത്രം. ഇന്നും ആ ആശയത്തെ പിന്തുടർന്നാണ് ഞാൻ മുന്നോട്ട് പോകുന്നത്’ ലോകേഷ് പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ആരാധകർക്ക് വലിയ ആശ്വാസമാണ് സംവിധായകന്റെ ഈ വാക്കുകൾ നൽകിയിരിക്കുന്നത്.
മുമ്പ് ഒപ്പുവെച്ച വലിയ പ്രോജക്ടുകൾ പലതും എൽ.സി.യുവിന്റെ ഭാഗമാണെന്നും നിലവിലെ സിനിമകൾ പൂർത്തിയാക്കിയ ശേഷം ഇവ ഓരോന്നായി പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും ലോകേഷ് വ്യക്തമാക്കി. ‘എനിക്ക് പെട്ടെന്നൊരു ദിവസം വന്ന് ഇനി എൽ.സി.യു സിനിമകൾ ചെയ്യില്ല എന്ന് പറയാൻ കഴിയില്ല. കാരണം 'കൈതി 2', 'വിക്രം 2', അതുപോലെ സൂര്യയുടെ കഥാപാത്രത്തെ വെച്ചുള്ള 'റോളക്സ്' എന്നിവയെല്ലാം ഞാൻ ചെയ്യുമെന്ന് വാക്ക് നൽകിയ സിനിമകളാണ്. എൽ.സി.യു അവസാനിച്ചിട്ടില്ല, അത് തീർച്ചയായും തുടരുക തന്നെ ചെയ്യും. നിലവിൽ കമ്മിറ്റ് ചെയ്തിട്ടുള്ള അല്ലു അർജുൻ സാറിന്റെ ചിത്രം പൂർത്തിയാക്കിയ ശേഷം ഞാൻ ഈ പ്രോജക്ടുകളിലേക്ക് മടങ്ങിവരും. കൂടാതെ, എന്റെ ബാനറിൽ നിർമിക്കുന്ന രാഘവ ലോറൻസ് ചിത്രം 'ബെൻസ്' എൽ.സി.യുവിന്റെ ഭാഗമാണ്.
ലോകേഷിന്റെ ഈ ഔദ്യോഗിക സ്ഥിരീകരണം എൽ.സി.യുവിന്റെ അടുത്ത ഘട്ടത്തിനായുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വീണ്ടും ആവേശം പകർന്നിരിക്കുകയാണ്. കാർത്തി നായകനായ 'കൈതി' എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് ഈ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമിടുന്നത്. പിന്നീട് കമൽഹാസൻ നായകനായ 'വിക്രം', ദളപതി വിജയ്‌യുടെ 'ലിയോ' എന്നീ ചിത്രങ്ങളിലൂടെ ഈ യൂണിവേഴ്സ് കൂടുതൽ വിപുലീകരിക്കപ്പെട്ടു. സിനിമകളിലെ കഥാപാത്രങ്ങളുടെ പരസ്പര ബന്ധവും, ഒരു ചിത്രത്തിലെ റഫറൻസുകൾ മറ്റൊരു ചിത്രത്തിൽ വരുന്നത് നൽകുന്ന സസ്പെൻസുമെല്ലാം എൽ.സി.യുവിനെ തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റിയിട്ടുണ്ട്.
നിലവിൽ സംവിധായകൻ അരുൺ മാതേശ്വരൻ ഒരുക്കുന്ന 'ഡിസി' എന്ന ചിത്രത്തിലൂടെ ലോകേഷ് കനകരാജ് ഒരു നടനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഇതിന് ശേഷമായിരിക്കും അല്ലു അർജുനൊപ്പമുള്ള ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലേക്ക് അദ്ദേഹം കടക്കുക. അഭിനയത്തിലും മറ്റ് സംവിധായകരുടെ പ്രോജക്ടുകളിലും തിരക്കിലാണെങ്കിലും, തന്റെ സ്വപ്ന പ്രോജക്ടായ എൽ.സി.യു കൃത്യമായ ട്രാക്കിൽ തന്നെയുണ്ടെന്നാണ് ലോകേഷ് ഇപ്പോൾ അടിവരയിട്ടു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

