നടൻ ശ്രീറാം ചികിത്സയിൽ; സ്വകാര്യതയെ മാനിക്കണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ലോകേഷ് കനകരാജ്
text_fieldsനടൻ ശ്രീയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളുടെയും ഇടയിൽ ഔദ്യോഗിക പ്രസ്താവനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. ശ്രീറാമിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രസ്താവനയാണ് ലോകേഷ് കനകരാജ് പങ്കുവെച്ചത്. ശ്രീയുടെ അടുത്ത സുഹൃത്തും നടന്റെ 'മാനഗരം' എന്ന സിനിമയുടെ സംവിധായകനുമാണ് ലോകേഷ് കനകരാജ്.
ശ്രീ നിലവിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിചരണത്തിലാണ്, ശരിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് എല്ലാത്തരം സമൂഹമാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗശാന്തിയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടം നൽകണമെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു -ലോകേഷ് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
ശ്രീറാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ശരീരഭാരം കുറഞ്ഞ് എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെച്ചിരുന്നു.
നടൻ ശ്രീറാമിന്‍റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രസ്താവന
നടൻ ശ്രീറാം വിദഗ്‌ധ ചികിത്സയിലാണെന്നും ഇപ്പോൾ അദ്ദേഹത്തിൻന്‍റെ ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് അൽപം ഇടവേളയെടുക്കുകയാണെന്നും എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമപ്രവർത്തകരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സ്വയം വീണ്ടെടുക്കലിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അദ്ദോഹത്തിന്‍റെ സ്വകാര്യതക്കുള്ള ആവശ്യകതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വേദനാജനകമാണ്, കൂടാതെ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള കിംവദന്തികളോ സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളോടും അഭ്യർത്ഥിക്കുന്നു.
അഭിമുഖങ്ങളിൽ ചില വ്യക്തികൾ പ്രകടിപ്പിക്കുന്ന വീക്ഷണങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് പൂർണ്ണമായും നിഷേധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണക്കും ഞങ്ങൾ നന്ദി പറയുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.