‘മാജിക് മഷ്റൂം ആശുപത്രിയിൽ എത്തിച്ചു; എന്റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ വീട്ടുകാർക്ക് സാധിച്ചില്ല, അവർ എനിക്ക് ഭ്രാന്താണെന്ന് കരുതി’ -ലെന
text_fieldsമലയാള സിനിമയിലെ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയമായ താരമാണ് ലെന. അഭിനയത്തിന് പുറമെ ആത്മീയതയെയും മനഃശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറയുന്നതിലും താരം ശ്രദ്ധേയയാണ്. ആദ്യ പ്രണയമായ അഭിലാഷുമായി 23-ാം വയസ്സിലായിരുന്നു ലെനയുടെ വിവാഹം. വൈകാരികമായ തകർച്ചകൾക്കപ്പുറം, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ മാറിയപ്പോൾ തികച്ചും പ്രായോഗികമായി എടുത്ത ഒരു തീരുമാനമായിരുന്നു തന്റെ വിവാഹമോചനമെന്ന് ലെന പറയുന്നു.
‘അതൊരു സ്‌കൂൾ കാലഘട്ടത്തിലെ പ്രണയമായിരുന്നു. ഞങ്ങളുടെ വിവാഹമോചനം വൈകാരികമായ തീരുമാനമായിരുന്നില്ല. മറിച്ച്, ഞങ്ങൾ രണ്ടുപേരും ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിൽ നിന്നെടുത്ത വളരെ പ്രായോഗികമായ ഒന്നായിരുന്നു അത്. കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ഞങ്ങൾ ആ ബന്ധം അവസാനിപ്പിച്ചത്. ആ ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഈ അടുത്തും ഞങ്ങൾ തമ്മിൽ കണ്ടിരുന്നു’ ലെന പറഞ്ഞു.
‘ഒരു കത്തെഴുതാൻ അച്ഛനെയോ ഇമെയിൽ അയക്കാൻ അഭിയെയോ ആശ്രയിച്ചിരുന്ന ഞാൻ അതിനുശേഷം പെട്ടെന്ന് സ്വതന്ത്രയാകാൻ തീരുമാനിച്ചു. സാമ്പത്തികമായി സ്വതന്ത്രയാവുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കൊടൈക്കനാലിലെ ഒരു സാഹസിക യാത്രക്കിടയിൽ 'എന്താണ് ദൈവം?' എന്ന ചോദ്യം ചോദിച്ചപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടായത്. അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം എന്നെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ ഞാനത് നിർദേശിക്കില്ല. അത് ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല.
എന്റെ ആത്മീയമായ ഉണർവിനെ മനസിലാക്കാൻ എന്റെ വീട്ടുകാർക്ക് സാധിച്ചില്ല. അവർ എനിക്ക് ഭ്രാന്താണെന്ന് കരുതി. അങ്ങനെ എന്റെ കുടുംബം എന്നെ സൈക്യാട്രിക് ആശുപത്രിയിലാക്കി. അവിടെ വെച്ച് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. ആ മരുന്നുകൾ പെട്ടെന്ന് നിർത്തുമ്പോഴുണ്ടാകുന്ന വിറയലും പെരുമാറ്റ മാറ്റങ്ങളും കണ്ടപ്പോൾ അവർക്ക് എന്റെ ഭ്രാന്ത് കൂടുകയാണെന്നു തോന്നി. സത്യത്തിൽ അത് മരുന്നുകളുടെ പാർശ്വഫലങ്ങളായിരുന്നു’ ലെന പറഞ്ഞു.
ചില ഗഹനമായ കാര്യങ്ങൾ കണ്ടെത്തിയ സന്തോഷത്തിലായിരുന്ന എന്നെ, വീട്ടുകാർക്ക് മനസ്സിലാകാത്തതുകൊണ്ട് നിർബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. അവിടെ പത്തുദിവസം കടുത്ത മരുന്നുകൾ നൽകി എന്റെ തലച്ചോറിനെ അവർ മരവിപ്പിച്ചു. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് പെട്ടെന്ന് മരുന്ന് നിർത്തിയാൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആളുകൾ എങ്ങനെ കാണുമെന്ന് ഞാൻ ഭയന്നു. 14 വർഷത്തോളം എനിക്ക് മരുന്നുകൾ കഴിക്കേണ്ടി വന്നു. ഈ മരുന്നുകൾ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു. ആരും മനസ്സിലാക്കുന്നില്ലെന്ന തിരിച്ചറിവ് എന്നെ തളർത്തി. അതിനേക്കാൾ സാമ്പത്തികമായി ഞാൻ തകർന്നുപോയിരുന്നു.
മരുന്നുകൾ തരുന്ന തളർച്ചയും ഡിപ്രഷനും കാരണം എനിക്ക് ആത്മഹത്യ ചിന്തകൾ പോലുമുണ്ടായി. എങ്കിലും എങ്ങനെയെങ്കിലും സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ചിന്ത മാത്രമായിരുന്നു എനിക്ക്. ആ അവസ്ഥയിൽ അമ്മയോടൊപ്പം പ്രാർത്ഥിക്കുമ്പോഴാണ് അമ്മക്ക് ഒരു കോൾ വന്നത്. അങ്ങനെയാണ് ഞാൻ 'ഓമനത്തിങ്കൾ പക്ഷി' എന്ന സീരിയലിൽ എത്തുന്നത്. അന്ന് മരുന്നുകളുടെ പാർശ്വഫലം കാരണം 20 കിലോയോളം കുറഞ്ഞിരുന്നു. അവിടെ നിന്നാണ് ഞാൻ വീണ്ടും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത്. 20 വർഷമെടുത്തിട്ടാണെങ്കിലും ഞാൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. കാരണം എനിക്ക് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ഇന്ന് ഒരു വിജയിയായി നിങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഇത് വിളിച്ചുപറയാൻ എനിക്ക് ഭയമില്ല’ ലെന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

