12 കോടി ബജറ്റ്; പദ്ധതിയിട്ടതിനേക്കാള്‍ ഇരട്ടി തുകയിലാണ് 'ലഗാന്‍' പൂര്‍ത്തിയായത് -ആമിര്‍ ഖാന്‍
text_fieldsഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് 'ലഗാൻ’.ആമിര്‍ ഖാനെ നായകനാക്കി അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ലഗാന്‍ 2001 ജൂണ്‍ 15നാണ് പ്രദര്‍ശനത്തിനെത്തിയത്. ആമിർ ഖാൻ നിർമിച്ച ആദ്യത്തെ സിനിമയാണിത്. സ്‌പോര്‍ട്‌സ് സിനിമ ഗണത്തില്‍ പെടുന്ന ലഗാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കഥയാണ് പറഞ്ഞത്. ഇപ്പോഴിതാ പദ്ധതിയിട്ടതിനേക്കാള്‍ ഇരട്ടി തുകയിലാണ് 'ലഗാന്‍' പൂര്‍ത്തിയായതെന്ന് വെളിപ്പെടുത്തുകയാണ് ആമിര്‍ ഖാന്‍.
12 കോടിയില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട ചിത്രം പൂര്‍ത്തിയായപ്പോള്‍ 25 കോടി രൂപയിലെത്തിയെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞു. തനിക്ക് ഒരിക്കലും ചിത്രങ്ങള്‍ ബജറ്റിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കാറില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്തെ ഏറ്റവും മുതൽമുടക്കുള്ള ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു ലഗാൻ. ഒരു വലിയ ഗ്രാമം തന്നെ സിനിമക്കായി നിർമിച്ചു. ചിത്രീകരണത്തിനായി ഗുജറാത്തിലെ ഭുജിനടുത്തുള്ള ഒരു ഗ്രാമമാണ് തിരഞ്ഞെടുത്തത്.
2,000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിട്ടും 1000 പേരെക്കൂടി അധികം വേണമെന്ന് സംവിധായകന്‍ അശുതോഷ് ഗവാരിക്കര്‍ ആവശ്യപ്പെട്ടു. താന്‍ ഗവാരിക്കറിനൊപ്പമായിരുന്നു. പ്രൊഡക്ഷന്‍ ടീമിന് അത് ഇഷ്ടമായില്ല. 2,000 പേരെ കൊണ്ടുവന്ന് അഭിനയിപ്പിക്കാതെ നിര്‍ത്തിയിട്ടും കൂടുതല്‍ പേരെ വേണമെന്ന് ആവശ്യപ്പെട്ടത് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ എപ്പോഴും സംവിധായകന്റെ പക്ഷത്തായിരിക്കും. എനിക്കൊരിക്കലും ബജറ്റിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാറില്ല. എന്റെ ദൗര്‍ബല്യങ്ങളില്‍ ഒന്നാണത്. എന്നാല്‍ മറ്റ് നിര്‍മാതാക്കള്‍ ഇക്കാര്യങ്ങളില്‍ കടുംപിടിത്തക്കാരാണെന്നും ആമിര്‍ ഖാന്‍ പറയുന്നു.
ലഗാന്റെ തിരക്കഥാകൃത്ത് കൂടിയായ അശുതോഷ് ഗവാരിക്കര്‍ ചിത്രത്തെക്കുറിച്ച് ആമിറിനോട് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം സമ്മതിച്ചില്ല. ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ ഈ കെട്ടുകഥ വിജയിക്കുകയില്ലെന്നും താനൊരു സാഹസത്തിന് തയ്യാറല്ലെന്നുമാണ് ആമിര്‍ പറഞ്ഞത്. എന്നാല്‍, അശുതോഷിന്റെ തിരക്കഥയില്‍ ആമിറിന്റെ മുന്‍ഭാര്യ റീന ദത്തക്ക് വിശ്വാസമുണ്ടായിരുന്നു. ആമിറിനെ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതും റീനയാണ്. അങ്ങനെ റീന പകര്‍ന്ന ആത്മവിശ്വാസത്തിലാണ് ആമിര്‍ ലഗാനിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണം റീന ഏറ്റെടുത്തു. ലഗാന്റെ ആദ്യം മുതല്‍ അവസാനം വരെ റീന പങ്കാളിയായി. ലഗാന് ശേഷമാണ് ആമിര്‍ ഖാന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

