എന്റെ ചെരിപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയാറാണോ? ഭർത്താവിനെതിരായ ട്രോളുകൾക്ക് ചുട്ട മറുപടിയുമായി ഖുശ്ബു
text_fieldsപതിറ്റാണ്ടുകൾക്ക് മുമ്പാണ് തമിഴ് സിനിമയിലെ താര ഇതിഹാസങ്ങളായ രജനീകാന്തും കമൽഹാസനും ഒരുമിച്ച് ഒരു സിനിമയിൽ വേഷമിട്ടത്. അതിനുശേഷം സ്ത്രീനിൽ അവർ ഒരുമിച്ചിട്ടില്ല. ഇരുവരും ഒരുമിച്ചുള്ള ഒരു സിനിമ എന്നത് വിദൂര സ്വപ്നമായി തുടരുകയും ചെയ്തു. സംവിധായകൻ ലോകേഷ് കനകരാജ് രണ്ടുപേരെയും ഉൾപ്പെടുത്തി ഒരു ഗ്യാങ്സ്റ്റർ സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം അത് ഉപേക്ഷിക്കുകയും ചെയ്തു.
അതിനിടെയാണ് രജനീകാന്തിനെ നയകനാക്കി കമൽ ഹാസൻ ഒരു ചിത്രം നിർമിക്കാനൊരുങ്ങുന്നുവെന്ന വാർത്ത ആരാധകർ സന്തോഷത്തോടെ കേട്ടത്. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷനൽ ആയിരുന്നു സിനിമ നിർമിക്കാൻ തീരുമാനിച്ചത്. തലൈവർ173 എന്ന് പേരിട്ട ചിത്രം തമിഴ് സിനിമാ പ്രേമികളെ ഏറെ ആവേശത്തിലാക്കുകയും ചെയ്തു. സംവിധാനം സുന്ദർ സിയും.
എന്നാൽ ഈ ചിത്രത്തിൽ നിന്ന് പിൻമാറിയ സുന്ദർ സിക്ക് വലിയ ട്രോൾ ആക്രമണമാണ് നേരിടേണ്ടി വന്നത്. രജനിക്കായി യാതൊരു നിലവാരവുമില്ലാത്ത കഥയാണ് സുന്ദർ സി. പറഞ്ഞതെന്നും, സുന്ദർ സി.യുടെ പത്രക്കുറിപ്പ് അനാദരവും അഹങ്കാരവും നിറഞ്ഞതാണ് എന്നുമായിരുന്നു ട്രോൾ.
അതിനിടെ, ഐറ്റം സോങ്ങിന് ഡാൻസ് ചെയ്യാൻ രജനീകാന്ത് ഖുശ്ബുവിനോട് ആവശ്യപ്പെട്ടുവെന്നും അതുകൊണ്ടാണോ സുന്ദർ പിൻമാറിയത് എന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു. ഒടുവിൽ ആ കമന്റുകൾക്കെല്ലാം ശക്തമായ മറുപടിയുമായി ഖുശ്ബു തന്നെ രംഗത്തുവന്നു.
''ഇല്ല ആ പാട്ടിന് ഞങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് ഒരാളെ ഡാൻസ് ചെയ്യാൻ തെരഞ്ഞെടുക്കാം എന്നാണ് കരുതിയിരിക്കുന്നത്'' എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി.
ഇന്ത്യൻ സിനിമ നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞോ എന്ന പരിഹാസത്തിനും ഖുശ്ബുവിന് മറുപടിയുണ്ടായിരുന്നു. തന്റെ ചെരിപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയാറാണോ എന്നായിരുന്നു ഖുശ്ബു ചോദിച്ചത്. എന്തൊരു ദുരന്തമാണ് നിങ്ങളൊക്കെ എന്നും ഖുശ്ബു പറയുന്നുണ്ട്.
സിനിമയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമായി ഖുശ്ബുവിന് മുന്നിൽ നിന്ന് രജനീകാന്ത് ഓടിപ്പോകുന്ന മീമിനോടും രൂക്ഷമായാണ് അവർ പ്രതികരിച്ചത്. അങ്ങനെയാണോ നിങ്ങളുടെ അമ്മ നിങ്ങളെ വളർത്തിയത്, എല്ലാ വിവരങ്ങൾക്കും നന്ദി... എന്നായിരുന്നു ഖുശ്ബു ചോദിച്ചത്.
സുന്ദർ സി. പിൻമാറിയതിനു പിന്നാലെ രജനിയെ തൃപ്തിപ്പെടുത്തുന്ന പുതിയ കഥക്കായി അന്വേഷിക്കുകയാണ് എന്നായിരുന്നു കമൽഹാസന്റെ മറുപടി. സിനിമയിൽ നിന്ന് പിൻമാറാനുള്ള കാരണം സുന്ദർ സി. പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. അതിൽ കുടുതലായി ഒന്നും പറയാനില്ല. രജനിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥ വരുന്നതുവരെ അതിനായി ശ്രമം തുടരുമെന്നും കമൽ വ്യക്തമാക്കി. സിനിമക്കായി പുതിയ സംവിധായകനെ തിരയുകയാണ് കമൽ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

