അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ', അത് വല്ലാത്തൊരു 'തിരക്കഥയാ'...
text_fieldsകോഴിക്കോട്: ആ നിമിഷം സ്വപ്നമാണോ യാഥാർഥ്യമാണോയെന്ന വിസ്മയത്തിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല നടനും മിമിക്രി താരവുമായ കോട്ടയം നസീർ. ചെറുപ്പം മുതൽ ആരാധനയോടെ നോക്കിക്കണ്ടിരുന്ന 'തലൈവർ' തൊട്ടുമന്നിൽ. തന്നോട് സംസാരിക്കുന്നു, താൻ വരച്ച ചിത്രങ്ങൾ ആസ്വദിക്കുന്നു, ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നു.
കോഴിക്കോട് 'ജയിലർ 2'ൻ്റെ സെറ്റിൽ വെച്ചാണ് രജനികാന്തുമായി കോട്ടയം നസീറിൻ്റെ കൂടിക്കാഴ്ച നടന്നത്. ചിത്രകാരനായി ജീവിച്ച നാളുകളിൽ എത്രയോ ചുവരുകളിൽ താൻ വരച്ച, മിമിക്രി താരമായപ്പോൾ എത്രയോ വേദികളിൽ അനുകരിച്ച 'സ്റ്റൈൽ മന്നനെ' കണ്ട നിമിഷത്തെ കോട്ടയം നസീർ വിശേഷിപ്പിക്കുന്നതിങ്ങനെ- അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ'; അത് വല്ലാത്തൊരു 'തിരക്കഥയാ'... 'ജയിലർ 2'ൽ നസീർ അഭിനയിക്കുന്നുമുണ്ട്.
കോട്ടയം നസീറിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം -
ഒരു കഥ സൊല്ലട്ടുമാ.......
വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓല മേഞ്ഞ "മോഡേൺ" സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ച നാളുകളിൽ എത്രയോ ചുവരുകളിൽ ഈ "സ്റ്റൈൽ മന്നന്റെ" എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.
ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ "ART OF MY HEART" എന്ന ബുക്ക് "ജയിലർ 2"വിന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ... ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ....സ്വപ്നമാണോ, ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല. മനസ്സിൽ ഒരു പ്രാർഥന മാത്രേ ഉണ്ടായിരുന്നുള്ളു. ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും 'പടച്ചവന്റെ തിരക്കഥ'...അത് വല്ലാത്ത ഒരു 'തിരക്കഥയാ'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

