എപ്പോൾ വിരമിക്കും; ധോണിയെ കൂട്ടുപിടിച്ച് ഷാറൂഖ് ഖാൻ; പ്രേക്ഷകരെ കൈയിലെടുത്ത് വിക്കി കൗശലിന്റെ കമന്റ്
text_fieldsഅഭിനയത്തിൽ നിന്ന് വിരമിക്കുന്നതിനെക്കറിച്ചുള്ള കരൺ ജോഹറിന്റെ ചോദ്യത്തിന് ഉഗ്രൻ മറുപടിയുമായി ഷാറൂഖ് ഖാൻ. അബുദാബിയില്‍ 2024ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐഐഎഫ്‌എ) പുരസ്‌കാര വേദിയിലായിരുന്നു നടന്റെ സിനിമ വിരമിക്കൽ പദ്ധതിയെക്കുറിച്ച് കരൺ ചോദിച്ചത്. താനും ക്രിക്കറ്റ് താരം ധോണിയും ഒരുപോലെയാണെന്നായിരുന്നു ഷാറൂഖിന്റെ മറുപടി. കിങ് ഖാന്റെ ഉത്തരത്തിനെക്കാളും കൈയടി നേടിയത് നടൻ വിക്കി കൗശലിന്റെ കമന്റിനായിരുന്നു.
'സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി, റോജര്‍ ഫെഡറര്‍ എന്നീ ഇതിഹാസങ്ങള്‍ക്ക് എപ്പോള്‍ വിരമിക്കണമെന്ന് അറിയാം. കരണ്‍, നിങ്ങൾക്കും ഇപ്പോൾ വിരമിക്കാനുള്ള സമയമാണെന്ന് തോന്നുന്നു. എന്നാല്‍ ഞാനും ധോണിയും വ്യത്യസ്തരായ ഇതിഹാസങ്ങളാണ്. ഞങ്ങള്‍ നോ പറഞ്ഞാലും പത്ത് ഐ.പി.എല്ലിലെങ്കിലും കളിക്കും'- ഷാറൂഖ് പറഞ്ഞു.
നടന്റെ വാക്കുകൾക്ക് പിന്നാലെയായിരുന്നു വിക്കി കൗശലിന്റെ പ്രതികരണം. ഇതിഹാസങ്ങൾക്കുള്ളതാണ് വിരമിക്കല്‍ എന്നാല്‍ രാജാക്കന്മാര്‍ എല്ലാക്കാലവും നിലനില്‍ക്കും', വിക്കിയുടെ വാക്കുകൾ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷം ഷാറൂഖ് ഖാൻ ബോളിവുഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങി സീറോയുടെ പരാജയത്തോടെയാണ് കിങ് ഖാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. തുടർച്ചയായ സിനിമ പരാജയങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ 2023 വിമർശനങ്ങളെ മറികടന്ന് ബോളിവുഡിൽ സൂപ്പർ ഹിറ്റുകളുമായി കിങ് ഖാൻ മടങ്ങിയെത്തി. പോയ വർഷം പുറത്തിങ്ങിയ നടന്റെ മൂന്ന് ചിത്രങ്ങളും വൻ വിജയമായിരുന്നു. പത്താൻ, ജവാൻ, ഡങ്കി എന്നീ ചിത്രങ്ങൾ 2500 കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്.

