രാം ചരൺ ചിത്രത്തിൽ ജാൻവിക്ക് മുൻപ് തീരുമാനിച്ചിരുന്നത് ഖുഷി കപൂറിനെ; എന്നാൽ അച്ചിയമ്മയായി അവരെ വേണ്ടെന്നുവെച്ചതിന്‍റെ കാരണം വ്യക്തമാക്കി സംവിധായകൻ
text_fieldsതെലുങ്ക് സിനിമയിലെ പ്രമുഖ സംവിധായകനായ ബുച്ചി ബാബു സന ഒരുക്കുന്ന, മെഗാ പവർ സ്റ്റാർ രാം ചരൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പെഡ്ഡി'. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂറാണ്. 'അച്ചിയമ്മ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജാൻവി ഇതിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഈ കഥാപാത്രത്തിലേക്ക് ജാൻവിക്ക് മുൻപ് പരിഗണിച്ചിരുന്നത് അവരുടെ അനിയത്തിയും നടിയുമായ ഖുഷി കപൂറിനെയായിരുന്നു എന്ന രസകരമായ വിവരമാണ് സംവിധായകൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബുച്ചി ബാബു സന ഈ കാസ്റ്റിങ് മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്നത്. തുടക്കത്തിൽ സിനിമയുടെ കഥ പറയാനായി താൻ സമീപിച്ചത് ഖുഷിയെയായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഖുഷിയെ നേരിൽ കണ്ടപ്പോൾ, താൻ മനസ്സിൽ കണ്ട അച്ചിയമ്മ എന്ന കഥാപാത്രത്തിന് അവർ വളരെയധികം പ്രായക്കുറവുള്ളതായി സംവിധായകന് തോന്നി. ഒരു പക്വതയുള്ള കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഖുഷിക്ക് അപ്പോൾ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മറ്റൊരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
ഒരേ വീട്ടിൽ വെച്ച് തന്നെ അനിയത്തിയെ വേണ്ടെന്ന് വെച്ച് ചേച്ചിയോട് കഥ പറയേണ്ടി വന്ന സാഹചര്യം തന്നെ ഏറെ ബുദ്ധിമുട്ടിച്ചുവെന്നും സംവിധായകൻ പറയുന്നുണ്ട്. ഖുഷിക്ക് ഇതിൽ എന്തെങ്കിലും വിഷമം തോന്നിയോ എന്ന് താൻ ജാൻവിയോട് ചോദിച്ചിരുന്നു. സിനിമയുടെ നല്ലതിന് വേണ്ടി ഇത്തരം കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും, തുടക്കം മുതൽക്കേ ഈ വേഷത്തിന് ഏറ്റവും അനുയോജ്യ ജാൻവി തന്നെയായിരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരോട് കഥ പറയുമ്പോൾ പോലും ജാൻവിയുടെ മുഖമാണ് തന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്നും സംവിധായകൻ വ്യക്തമാക്കുന്നു.
സ്‌പോർട്‌സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന 'പെഡ്ഡി' ജൂൺ 4-നാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. 1980-കളിലെ ആന്ധ്രാപ്രദേശിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഗുസ്തിയും ക്രിക്കറ്റും പ്രധാന പ്രമേയങ്ങളായി വരുന്നുണ്ട്. രാം ചരൺ, ജാൻവി കപൂർ എന്നിവർക്ക് പുറമെ കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ മെയ് 18-ന് റിലീസ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

