മാപ്പ് പറയില്ല; ചേരിക്കാരെ അപമാനിച്ചിട്ടില്ല, അനാവശ്യ വിവാദം -ഖുശ്ബു
text_fieldsചെന്നൈ: ‘ചേരി ‘പരാമർശത്തിൽ മാപ്പ് പറയില്ലെന്നും ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരെ അപമാനിച്ചിട്ടില്ലെന്നും നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. ചേരി എന്ന വാക്ക് ഉള്ള പ്രദേശങ്ങൾ തമിഴ്നാട്ടിലുണ്ട്. സർക്കാർ രേഖകളിൽ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു പറഞ്ഞു. ചേരി പരാമർശത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഖുശ്ബുവിന്റെ പ്രതികരണം.
ഡി.എം.കെയെ പരിഹസിക്കുന്നതിനായി ഫ്രഞ്ച് ഭാഷയിലുള്ള സ്നേഹം എന്നർഥമുള്ള 'ചേരി' എന്ന വാക്കാണ് ഉപയോഗിച്ചത്. ഡി.എം.കെക്ക് ഇല്ലാത്ത പ്രശ്നം കോൺഗ്രസിന് എന്തിനാണെന്നും ഡി.എം.കെക്ക് വേണ്ടി കോൺഗ്രസ് ജോലി ചെയ്യുകയാണോയെന്നും അവർ ചോദിച്ചു. അംബേദ്കറിന് ഭാരത് രത്‌ന നൽകാത്ത കോൺഗ്രസ് തന്നെ വിമർശിക്കേണ്ടെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
നടൻ മൻസൂർ അലിഖാൻ തൃഷക്കെതിരെ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട് ഖുശ്ബു ഡി.എം.കെക്ക് എതിരെ നടത്തിയ വിമർശനമാണ് വിവാദമായത്.
'ഡി.എം.കെ ഗുണ്ടകള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അവരും സ്ത്രീയെ അപമാനിക്കുകയാണ്. ക്ഷമിക്കണം. നിങ്ങളുടെ ചേരി ഭാഷയില്‍ എനിക്ക് സംസാരിക്കാനാവില്ല. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നറിയാന്‍ നിങ്ങളൊന്ന് ഉണര്‍ന്ന് നോക്കണം', തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു എക്സിൽ ഖുശ്ബുവിന്റെ പ്രതികരണം.
അതേസമയം, പരാമർശം വിവാദമായതോടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഖുശ്ബുവിന്‍റെ ചെന്നൈയിലെ വീടിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ‘ചേരി’പരാമർശത്തിൽ വീട്ടിലേക്ക് പ്രതിഷേധ റാലി ഉള്‍പ്പെടെ നടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

