‘അവർ ഒന്നിച്ചുവന്നത് എന്തിനാണ് വലിയ വിഷയമാക്കുന്നത്?’ -വിജയ്‌യും തൃഷയും സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിനെക്കുറിച്ച് ഖുഷ്ബു
text_fieldsസംരംഭകനും ചലച്ചിത്ര നിർമാതാവുമായ കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്‌യും നടി തൃഷയും ഒന്നിച്ച് പങ്കെടുത്തത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. വിജയ്‌യുമായുള്ള 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അവരുടെ വിവാഹമോചന ഹരജി. അതിനിടെ ചെന്നൈയിൽ വെച്ചു നടന്ന ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയത് ഏറെ ചർച്ചയായി.
ഇത്തരം കിംവദന്തികൾ നിലനിൽക്കെ വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബു സുന്ദർ പ്രതികരിച്ചു. ആളുകൾ എന്തിനാണ് ഇതിനെ വലിയ കാര്യമാക്കുന്നതെന്നാണ് നടി ചോദിക്കുന്നത്. 'ഈ സംഭവത്തിൽ ആളുകൾക്ക് എന്താണ് കാര്യമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് അവരുടെ സ്വകാര്യ ജീവിതമാണ്. എന്നാൽ അവരുടെ വ്യക്തിജീവിതം ആളുകളെ ബാധിക്കുന്നുണ്ടെങ്കിൽ, അപ്പോൾ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം' ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിനിടെ ഖുഷ്ബു പറഞ്ഞു.
'അവരുടെ വ്യക്തിജീവിതത്തിന് ആളുകളുമായി യാതൊരു ബന്ധവുമില്ല. ആളുകൾ എന്തിനാണ് ഇത് വലിയ വിഷയമാക്കുന്നത്? അവർക്ക് സ്വന്തം കാര്യം ശ്രദ്ധിച്ചാൽ മതി. ആളുകളെ ഒരു തരത്തിലും ഇത് ബാധിക്കില്ല' നടി കൂട്ടിച്ചേർത്തു.
വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഹരജിയിൽ സംഗീത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021ലാണ് ഇത്തരമൊരു ബന്ധമുള്ളത് താൻ മനസിലാക്കിയതെന്നും ഹരജിയിൽ പറയുന്നു. ഇതേതുടർന്നാണ് നടനുമായി വിവാഹമോചനത്തിലെത്താൻ താൻ തീരുമാനമെടുത്തതെന്നും സംഗീത സ്വർണലിംഗം പറഞ്ഞു. വിവാദങ്ങൾക്ക് ദളപതി നേരിട്ട് പ്രതികരണം അറിയിച്ചിരുന്നില്ല. എന്നാൽ പിന്നീട് തന്നെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളെ കുറിച്ചുള്ള ആശങ്കകൾ താരം പങ്കുവെച്ചു.
ചെന്നൈയിൽ നടന്ന തമിഴഗ വെട്രി കഴകത്തിന്റെ (ടി.വി.കെ) വനിതാ ദിന പരിപാടിയിൽ സംസാരിക്കവെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വിജയ് വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരമായി വരുന്ന തനിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ സങ്കടപ്പെടുകയോ സമ്മർദ്ദത്തിലാകുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് പറഞ്ഞു. തൃഷ ഇതുവരെ ഈ പ്രശ്നത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

