ആസിഫും ടൊവിനോയും എന്നേക്കാൾ താഴെയല്ല; പ്രായത്തിന് മൂത്തതായത് കൊണ്ട് എനിക്ക് അവാർഡ് കിട്ടിയതാണെന്ന് തോന്നുന്നു - മമ്മൂട്ടി
text_fieldsകഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിലേക്കുള്ള പകർന്നാട്ടത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. ‘ഫെമിനിച്ചി ഫാത്തിമ’യിലെ പ്രകടനത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്.
'പുരസ്കാരങ്ങൾ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനമാണ്. അതും മലയാളം പോലെ നല്ല സിനിമകൾ ഏറ്റവും കൂടുതൽ എടുക്കുന്ന ഭാഷയിലെ അഭിനയത്തിന്, നല്ല നടനുള്ള അവാർഡ് കിട്ടുന്നത് അതിലേറേ പ്രോത്സാഹനജനകമാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാത്തരത്തിലും വലിയ വിജയമായിരുന്നു. കലാപരമായും സാമ്പത്തികമായും. പുതിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനങ്ങൾ നമ്മൾ കണ്ടതാണ്. എന്‍റെ കൂടെ നടന്മാരായി പ്രത്യേക പരാമർശം ലഭിച്ച പ്രകടനം ആസിഫും ടൊവിനോയും എന്നേക്കാൾ മില്ലി മിറ്ററിന്‍റെ ഒരു ഭാഗം പോലും താഴെയല്ല. അവർ എനിക്കൊപ്പമാണ്. പ്രായത്തിന് മൂത്തതായത് കൊണ്ട് എനിക്ക് കിട്ടിയതാണെന്ന് തോന്നുന്നു. അതുപോലെ, സൗബിൻ, ഷംല ഇവരെല്ലാം അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയവരാണ്' -മമ്മൂട്ടി പറഞ്ഞു.
ഫെമിനിച്ചി ഫാത്തിമ പോലൊരു സിനിമ മലയാളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളു എന്നും മലയാളിക്ക് മാത്രമേ അങ്ങനെയൊരു സിനിമ ചിന്തിക്കാനും ഉൾക്കൊള്ളാൻ സാധിക്കൂ എന്നും മമ്മൂട്ടി പറഞ്ഞു. മറ്റു ഭാഷകളിലെ സഹപ്രവർത്തകർ മലയാള സിനിമകൾക്ക് മാത്രം എങ്ങനെയാണ് ഇത്ര നല്ല കഥ ലഭിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. അതിന് ഒരു ഉത്തരമേയുള്ളൂ എന്നും മലയാളത്തിൽ കാണാൻ ആളുള്ളത് കൊണ്ടാണ് നല്ല സിനിമകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കനകക്കുന്ന് നിശാഗന്ധിയിൽ വെച്ച് നടന്ന ചടങ്ങിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകിയത്. മുതിർന്ന നടി ശാരദ മലയാള സിനിമയിലെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം. വീൽചെയറിലെത്തിയാണ് ശാരദ ആദരവ് ഏറ്റുവാങ്ങിയത്.
മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

