റാപ്പർ വേടന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റോടുകൂടി വിദേശയാത്ര നടത്താം :ഹൈകോടതി
text_fieldsഹിരൺദാസ് മുരളി
കൊച്ചി: മലയാളം റാപ്പർ വേടന് സംഗീത പരിപാടികളുടെ ഭാഗമായി വിദേശയാത്ര നടത്താൻ വഴിതുറന്ന് ഹൈകോടതി. വിദേശത്തേക്ക് പോകുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നൽകാൻ എറണാകുളം റീജിയണൽ പാസ്‌പോർട്ട് ഓഫീസറോട് കേരള ഹൈകോടതി നിർദ്ദേശിച്ചു.
ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന കാരണം കൊണ്ടു മാത്രം ഒരാളുടെ വിദേശയാത്ര ചെയ്യാനുള്ള അവകാശം തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അനുയോജ്യമായ കോടതിയുടെ അനുമതിയോടെ വിദേശയാത്ര നടത്താൻ ഏതൊരു ഇന്ത്യൻ പൗരനും അവകാശമുണ്ടെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിരീക്ഷിച്ചു. എന്നാൽ പാസ്‌പോർട്ട് ഓഫീസർ നൽകുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റിൽ ഹരജിക്കാരനെതിരെയുള്ള നിലവിലുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും ഹൈകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ സ്റ്റേജ് ഷോകളിൽ പങ്കെടുക്കുന്നതിനാണ് വേടൻ വിദേശയാത്ര അനുമതി തേടിയത്. താൻ ഒരു സ്റ്റേജ് പെർഫോമിങ് ആർട്ടിസ്റ്റാണെന്നും മുൻപും കോടതിയുടെ പ്രത്യേക അനുമതിയോടെ വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം ഹിൽ പാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വൈറ്റിലക്കടുത്തുള്ള സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. കൂടാതെ, പുള്ളിപ്പുലിയുടെ പല്ല് കൈവശം വച്ചതിന് 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
എറണാകുളം സെൻട്രൽ, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മറ്റ് രണ്ട് കേസുകളിൽ വ്യവസ്ഥകളോടെ വിദേശത്തുപോകാൻ കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതുകൂടാതെ ലൈംഗിക പീഡനം, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. നിയമനടപടികൾ നേരിടുന്ന പശ്ചാത്തലത്തിലും, ഹൈകോടതി ഉത്തരവ് വേടന് വിദേശത്ത് പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽക്കാലിക ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

