'വണ്ണം കൂടിയപ്പോൾ മെലിയണം എന്ന് പറഞ്ഞു, മെലിഞ്ഞപ്പോൾ പഴയ വണ്ണമായിരുന്നു ഭംഗിയെന്ന്!'; പരിഹാസങ്ങൾക്കെതിരെ കീർത്തി സുരേഷ്
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും തനിക്കെതിരെ ഉയർന്ന വ്യാജ സർജറി വാർത്തകളെക്കുറിച്ചും വളരെ തുറന്ന മനസ്സോടെയാണ് താരം സംസാരിച്ചത്. ആളുകളുടെ ഇരട്ടത്താപ്പിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു കീർത്തിയുടെ വാക്കുകൾ.
താൻ വർഷങ്ങളായി ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സ് തുറന്നത്. ഫിറ്റ്നസ് ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അധ്യാപകനെന്ന് കീർത്തി പറയുന്നു. 2013-ൽ സിനിമയിൽ എത്തുമ്പോൾ ജിമ്മും വർക്കൗട്ടും ഒന്നും തനിക്ക് പറ്റിയതല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ 2018-ൽ 'മഹാനടി' എന്ന ചിത്രത്തിന് ശേഷം ലഭിച്ച ഒരു ഇടവേളയിലാണ് ഫിറ്റ്നസ്സിലേക്ക് ശ്രദ്ധ തിരിക്കാൻ താരം തീരുമാനിക്കുന്നത്.
തുടർന്ന് ഒൻപത് മാസത്തെ കഠിനമായ പരിശ്രമം കൊണ്ട് താരം 10 കിലോയോളം ഭാരം കുറച്ചു. തന്‍റെ ഈ മാറ്റത്തിൽ ഏറെ അഭിമാനം കൊണ്ടിരിക്കുമ്പോഴാണ് 'കീർത്തിക്ക് എന്തോ അസുഖമാണ്', 'വല്ലാതെ മെലിഞ്ഞുപോയി', 'സൗന്ദര്യം കൂട്ടാൻ സർജറി ചെയ്തതാണ്' എന്ന രീതിയിലുള്ള കടുത്ത വിമർശനങ്ങളും വ്യാജ വാർത്തകളും പ്രചരിക്കാൻ തുടങ്ങിയത്. മുഖത്തോ ശരീരത്തോ ഒരു തരത്തിലുള്ള കൃത്രിമത്വവും വരുത്താതെ, തികച്ചും സ്വാഭാവികമായ രീതിയിലാണ് താൻ ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്വന്തം കഠിനാധ്വാനത്തെ 'സർജറി' എന്ന് വിളിച്ച് അധിക്ഷേപിച്ചപ്പോൾ ഏറെ വിഷമം തോന്നിയെന്നും കീർത്തി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ആളുകളുടെ ഇത്തരം പരാമർശങ്ങളെ പരിഹസിച്ചുകൊണ്ട് താരം കുറിപ്പ് പങ്കുവെച്ചു, "നമ്മൾ കുറച്ച് വണ്ണം വെച്ചിരിക്കുമ്പോൾ അവർക്ക് നമ്മൾ മെലിയണം. എന്നാൽ കഷ്ടപ്പെട്ട് മെലിഞ്ഞ് ഫിറ്റാകുമ്പോൾ അവർ പറയും പഴയ ആ വണ്ണമുള്ള കുട്ടിയെയായിരുന്നു കാണാൻ ഭംഗിയെന്ന്! ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല."
കഴിഞ്ഞ കുറച്ചുമാസങ്ങളായി താൻ ശാരീരികമായും മാനസികമായും ചില കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിന്നതെന്നും കീർത്തി വെളിപ്പെടുത്തി. എങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും തളർച്ചയോ ഇടവേളകളോ ഉണ്ടായാലും താൻ ഒരിക്കലും തോറ്റുകൊടുക്കാൻ തയാറല്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും താരം കൂട്ടിച്ചേർത്തു. കല്യാണി പ്രിയദർശൻ, മഞ്ജിമ മോഹൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരും ലക്ഷക്കണക്കിന് ആരാധകരുമാണ് കീർത്തിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

