അവൾക്ക് 20 അല്ല പ്രായം; പ്രസവശേഷം ശരീരഭാരം കൂടിയതിൽ കത്രീന കൈഫിനെതിരെ ബോഡി ഷെയിമിങ്, വിമർശിച്ചവർക്ക് മറുപടിയുമായി ആരാധകർ
text_fieldsമുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന്റെ ഏറ്റവും ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ ബോഡി ഷെയിമിങ്. പ്രസവാനന്തര ശരീരമാറ്റത്തിന്റെ പേരിലായിരുന്നു സമൂഹമാധ്യമങ്ങളിൽ ചിലരുടെ പരിഹാസം.
അംബാനി കുടുംബത്തിന്റെ ഗണേശ ചതുർഥി ആഘോഷത്തിൽ ഭർത്താവ് വിക്കി കൗശലിനൊപ്പം പങ്കെടുത്ത കത്രീന കൈഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ചിലർ അധിക്ഷേപ കമന്റുകളുമായെത്തിയത്. എന്നാൽ വിമർശനങ്ങൾക്കെതിരെ നിരവധി ആരാധകർ രംഗത്തെത്തി. കത്രീനക്ക് പിന്തുണ പ്രഖ്യാപിച്ച അവർ പ്രസവശേഷമുള്ള ശരീരമാറ്റങ്ങൾ സ്വാഭാവികമാണെന്നും നടിയുടെ രൂപത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.
സെപ്റ്റംബർ 14ന് മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയിൽ നടന്ന ഗണേശ ചതുർഥി ആഘോഷത്തിലാണ് കത്രീനയും വിക്കി കൗശലും എത്തിയത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. കത്രീന പച്ച നിറത്തിലുള്ള അനാർക്കലി വേഷത്തിലാണ് ചടങ്ങിനെത്തിയത്. വിക്കി കൗശൽ വെള്ള നിറത്തിലുള്ള പരമ്പരാഗത വേഷവും ധരിച്ചു.
കത്രീനയുടെ ചിത്രം പങ്കുവെച്ച ഒരു പോസ്റ്റിൽ ‘അവൾ തീർന്നു’ എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. ഇതിന് പിന്നാലെ കത്രീനയുടെ പ്രായവും പ്രസവാനന്തര ശരീരമാറ്റവും ചൂണ്ടിക്കാട്ടിയുള്ള നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു. 40കളിലുള്ള ഒരു സ്ത്രീയെ അവരുടെ പ്രായത്തിന് അനുസരിച്ച് കാണപ്പെടുന്നു എന്ന കാരണത്താൽ പരിഹസിക്കുന്നത് എന്തിനാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ശരീരത്തിന്റെ സ്വാഭാവിക മാറ്റങ്ങളെ പരിഹസിക്കരുതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

