'നിങ്ങളെന്നും പ്രചോദനം'; മമ്മൂട്ടിയെ സന്ദർശിച്ച് കാർത്തിക് സുബ്ബരാജ്, 'ഡൊറോത്തി'ക്ക് പിന്തുണയറിയിച്ച് മെഗാസ്റ്റാർ
text_fieldsകൊച്ചി: പുതിയ ചിത്രമായ 'ഡൊറോത്തി'ക്ക് പിന്തുണയറിയിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രമുഖ തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി കേരളത്തിൽ എത്തിയപ്പോഴാണ് അദ്ദേഹം മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചത്. ചിത്രത്തിലെ അഭിനേതാക്കളായ സനന്ത്, റിഷികാന്ത് എന്നിവരും സംവിധായകനൊപ്പമുണ്ടായിരുന്നു.
'ഞങ്ങൾക്കൊപ്പം ചെലവഴിച്ച സമയത്തിനും ഡൊറോത്തി സിനിമയ്ക്കുള്ള ആശംസകൾക്കും പ്രചോദിപ്പിക്കുന്ന വാക്കുകൾക്കും നന്ദി മമ്മൂട്ടി സർ. നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് കുറിച്ചു.
കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന 'ഡൊറോത്തി' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രം ക്വീർ വിഭാഗത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പിന്തുണ. സൈബർ ആക്രമണങ്ങളിൽ 'ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ' എന്ന് കുറിച്ച് തിയേറ്ററുകളിൽ നിന്നുള്ള പ്രേക്ഷക പ്രതികരണത്തിന്റെ വീഡിയോ സംവിധായകൻ നേരത്തെ പങ്കുവെച്ചിരുന്നു.
കാർത്തിക് സുബ്ബരാജിന്റെ പത്താമത്തെ സംവിധാന സംരംഭമാണ് ഡൊറോത്തി. 1990-കളിലെ തമിഴ്‌നാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു (TIFF) ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നത്. സൂര്യ നായകനായ 'റെട്രോ' ആയിരുന്നു ഇതിനുമുമ്പ് കാർത്തിക് സുബ്ബരാജിന്റേതായി പുറത്തിറങ്ങിയ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

