ദിയയും ദേവും അവരുടെ പോക്കറ്റ് മണി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി; ‘അഗര’ത്തെ കുറിച്ച് കാർത്തി
text_fieldsതമിഴ് നടൻ സൂര്യയുടെ നേതൃത്വത്തിൽ 2006ൽ ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘അഗരം ഫൗണ്ടേഷൻ’. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ ഫൗണ്ടേഷന്‍റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം എന്നത് സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് എന്ന ആശയത്തിലാണ് അഗരം ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ അഗരം ഫൗണ്ടേഷനെ കുറിച്ച് കാർത്തി പറയുന്ന വാക്കുകളാണ് സോഷ്യലിടത്തിൽ ശ്രദ്ധേയമാകുന്നത്. സൂര്യയുടെയും ജ്യോതികയുടെയും നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രസ്ഥാനമായ ‘അഗരം ഫൗണ്ടേഷ’ന് പ്രചോദനമേകുന്നത് ജ്യോതികയെന്ന് നടൻ കാർത്തി.
പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാനുള്ള പണത്തെക്കുറിച്ച് ആലോചിച്ച് സൂര്യ വേവലാതിപ്പെടുമ്പോൾ ധൈര്യം നൽകുന്നത് ജ്യോതികയാണെന്ന് കാർത്തി പറഞ്ഞു. അഗരം ഫൗണ്ടേഷന്റെ 15–ാം വാർഷികാഘോഷത്തിൽ ചെന്നൈയിൽ സംസാരിക്കുകയായിരുന്നു കാർത്തി. കുട്ടികളുടെ പഠന ചെലവിന് ധാരാളം പണം വേണമെന്ന് അണ്ണൻ പലപ്പോഴും വേവലാതിപ്പെടുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ജ്യോതികയായിരുന്നു അണ്ണന് ധൈര്യം കൊടുത്തത്.
കോവിഡ‍് സമയത്ത് ചില ആശുപത്രികളിൽ മതിയായ ഉപകരണങ്ങളില്ലെന്ന് അറിഞ്ഞ ജ്യോതിക അതും ഏറ്റെടുത്തു. ഇതെല്ലാം അഗരത്തിലൂടെയാണ് സാധ്യമാകുന്നത്. ദിയയും ദേവും (സൂര്യയുടെയും ജ്യോതികയുടെയും മക്കൾ) അഗരത്തിന്റ ‘മാധം 300’ൽ അവരുടെ പോക്കറ്റ് മണി കൊടുക്കുന്നുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി കാര്‍ത്തി പറഞ്ഞു. ഈ പ്രസ്ഥാനം ഇനിയും തുടർന്ന് പോകണമെന്നും സുമനസുകൾ അഗരത്തിനൊപ്പം ചേരണമെന്നും കാർത്തി അഭ്യർഥിച്ചു.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സാമ്പത്തിക സഹായവും മാർഗനിർദേശങ്ങളും നൽകുന്ന പ്രോഗ്രാമാണ് വിദൈ (Vidhai). വിദ്യാർഥികൾക്ക് പഠനത്തിലും ജീവിതത്തിലും മാർഗനിർദേശം നൽകുന്നതിനായി മുതിർന്നവരുമായി ബന്ധിപ്പിക്കുന്ന മെന്‍റർഷിപ്പ് പ്രോഗ്രാമുകളും അഗരത്തിന്‍റെ കീഴിൽ നടത്തുന്നുണ്ട്. വിദൂര ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് സുരക്ഷിതമായ താമസസൗകര്യവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകുന്ന അഗരം ഹോസ്റ്റലുകൾ, സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അധ്യാപന നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതിയായ 'നമ്മൾ പള്ളി' തുടങ്ങിയവയും അഗരം ഫൗണ്ടേഷന്‍റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

