2025 പ്രയാസമേറിയ വർഷമായിരുന്നു; ഒരുപാട് കരഞ്ഞു, പ്രാർഥിച്ചു -കരീന കപൂർ
text_fields2025 അവസാനത്തിൽ ആ വർഷം തങ്ങൾക്കു നൽകിയ ഓർമകളും വേദനകളും പങ്കുവെച്ചിരിക്കുകയാണ് നടി കരീന കപൂർ. നടനും ഭർത്താവുമായ സെയ്ഫ് അലിഖാനോടൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. സെയ്ഫ്ന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചാണ് താരം കുറിപ്പിൽ പരാമർശിച്ചത്. 2025 ഒരു 'ദുഷ്‌കരമായ വർഷമായിരുന്നു, ഞങ്ങൾക്കൊപ്പം നിൽക്കുകയും ഞങ്ങളെ പിന്തുണക്കുകയും ചെയ്ത എല്ലാവർക്കും നന്ദി' -കരീന കുറിച്ചു.
'വർഷത്തിലെ അവസാന ദിവസത്തിലേക്ക് എല്ലാം മറികടന്ന് നമ്മൾ എത്തിയതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഇത്ര ദൂരം നമ്മൾ സഞ്ചരിച്ചിരിക്കുന്നു എന്നതാണ് യാഥാർഥ്യം. 2025 ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും ഏറെ പ്രയാസമേറിയ ഒരു വർഷമായിരുന്നു. പക്ഷേ ഞങ്ങൾ അതിൽ തളരാതെ ചിരിച്ചും പരസ്പരം ചേർത്തുപിടിച്ചും കടന്നുപോയി. ഞങ്ങൾ ഒരുപാട് കരഞ്ഞു, പ്രാർഥിച്ചു അവസാനം ഇവിടെ എത്തി. മനുഷ്യ സ്വഭാവം ഭയത്തെ തരണം ചെയ്യുന്നതാണെന്നും സ്നേഹം എല്ലാം കീഴടക്കുമെന്നും കുട്ടികൾ നമ്മൾ വിചാരിക്കുന്നതിലും ധീരരാണെന്നും 2025 ഞങ്ങളെ പഠിപ്പിച്ചു.
ഞങ്ങളുടെ ആരാധകർക്കും സുഹൃത്തുക്കൾക്കും ഞങ്ങളോടൊപ്പം നിൽക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി സർവശക്തനായ ദൈവത്തിനും നന്ദി പറയുന്നു. ഞങ്ങളുടെ ഉള്ളിലുള്ള പുതിയ ഊർജവും അതിരറ്റ നന്ദിയും പോസിറ്റീവിറ്റിയും സിനിമകളോടുള്ള അചഞ്ചലമായ അഭിനിവേശവുമായി 2026ലേക്ക് പ്രവേശിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ' -നടി കുറിച്ചു.
ജനുവരി 16ന് പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ വെച്ചാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം സർജറിക്ക് വിധേയനാക്കി. അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. ജനുവരി 21നായിരുന്നു ഡിസ്ചാർജ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാൾ നടന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

