'ഷാറൂഖിനെ പോലെ കോൺവെന്‍റിൽ പഠിച്ച ആളല്ല, ചെറിയ ഗ്രാമത്തിൽ നിന്ന് വന്നാണ് ഞാൻ വിജയം നേടിയത്' -കങ്കണ
text_fieldsകങ്കണ, ഷാറൂഖ് ഖാൻ
പ്രശസ്തിയിലേക്കുള്ള തന്‍റെ ഉയർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്ത്. തന്റെ യാത്ര മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അവർ അവകാശപ്പെട്ടു. ബോളിവുഡിലെ തന്റെ യാത്രയെ ഷാറൂഖ് ഖാന്റെ യാത്രയുമായിയാണ് കങ്കണ താരതമ്യം ചെയ്തത്. വളരെ ചെറിയ തുടക്കങ്ങളിൽ നിന്നാണ് തന്റെ പ്രശസ്തിയിലേക്കുള്ള ഉയർച്ചയെന്ന് അവർ പറഞ്ഞു.
ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ, സിനിമ മേഖലയിലെ മറ്റുള്ളവരിൽ നിന്ന് തന്റെ വിജയം എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്ന് കങ്കണ വ്യക്തമാക്കി. 'എനിക്ക് എന്തുകൊണ്ടാണ് ഇത്രയധികം വിജയം ലഭിച്ചത്? ഒരു ഗ്രാമത്തിൽ നിന്ന് വന്ന് മുഖ്യധാരയിൽ ഇത്രയും വിജയം നേടിയ മറ്റാരും ഉണ്ടാകില്ല. ഷാറൂഖ് ഖാനെക്കുറിച്ചാണ് നിങ്ങൾ പറയുന്നതെങ്കിൽ അദ്ദേഹം ഡൽഹിയിൽ നിന്നുള്ള വ്യക്തിയും കോൺവെന്റ് വിദ്യാഭ്യാസം നേടിയയാളുമാണ്. ആരും കേട്ടിട്ടുപോലുമില്ലാത്ത ഒരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വന്നത്' -കങ്കണ പറഞ്ഞു.
തന്റെ വാക്കുകൾ എല്ലാവർക്കും ഇഷ്ടപ്പെട്ടേക്കില്ലെന്നും പക്ഷേ സ്വന്തം കാഴ്ചപ്പാടുകളെക്കുറിച്ച് ക്ഷമാപണം നടത്താത്ത ആളാണ് താനെന്നും നടി കൂട്ടിച്ചേർത്തു. 'മറ്റുള്ളവർ വിയോജിച്ചേക്കാം, പക്ഷേ എനിക്ക് തോന്നുന്നത് ഞാൻ ആളുകളോട് മാത്രമല്ല, എന്നോടും വളരെ സത്യസന്ധത പുലർത്തുന്നു' -അവർ പറഞ്ഞു. കങ്കണയുടെ ഷാറൂഖുമായുള്ള താരതമ്യം സമൂഹമാധ്യമത്തിൽ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രേക്ഷകർ താരത്തെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ ഭാംലയിൽ നിന്നുള്ള കങ്കണയുടെ താരപദവിയിലേക്കുള്ള ഉയർച്ച ശ്രദ്ധേയമായിരുന്നു. വെറും 19 വയസ്സുള്ളപ്പോൾ, 'ഗാങ്സ്റ്റർ' എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ആ സിനിമ കങ്കണക്ക് പെട്ടെന്ന് തന്നെ ജനശ്രദ്ധ ലഭിക്കാൻ കാരണമായി. നിലവിൽ ബി.ജ.പിയുടെ പാർലമെന്‍റ് അംഗം കൂടിയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

