'കന്നഡയെ താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല, പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു'; ഫിലിം ചേംബറിന് കമൽഹാസന്‍റെ കത്ത്
text_fieldsകന്നഡ ഭാഷയുടെ പരിണാമവുമായി ബന്ധപ്പെട്ട് 'തഗ് ലൈഫ്' ഓഡിയോ ലോഞ്ച് ചടങ്ങിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് നടൻ കമൽഹാസൻ. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് (കെ.എഫ്.സി.സി) എഴുതിയ കത്തിലാണ് വിശദീകരണം.
'എല്ലാവരും ഒന്നാണ്, ഭാഷാപരമായി ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്' എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ശിവരാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 'കന്നഡ ഭാഷയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് തർക്കമോ ചർച്ചയോ ഇല്ല' കർണാടകയിലെ ജനങ്ങളോടുള്ള ആഴമായ ബഹുമാനം കൊണ്ടാണ് താൻ കത്ത് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കത്തിന്‍റെ പൂർണരൂപം
തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ ഇതിഹാസതാരം ഡോ. രാജ്കുമാറിന്റെ കുടുംബത്തോടുള്ള, പ്രത്യേകിച്ച് ശിവ രാജ്കുമാറിനോടുള്ള ആത്മാർഥമായ സ്നേഹത്തിന്റെ വെളിച്ചത്തിൽ നടത്തിയ എന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റപ്പെടുകയും ചെയ്തതിൽ എനിക്ക് വേദനയുണ്ട്. നാമെല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും കന്നഡയെ ഒരു തരത്തിലും കുറച്ചുകാണരുതെന്നും മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. കന്നഡ ഭാഷയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് തർക്കമോ സംവാദമോ ഇല്ല.
തമിഴിനെപ്പോലെ, കന്നഡക്കും ഞാൻ ആരാധിക്കുന്ന ഒരു അഭിമാനകരമായ സാഹിത്യ-സാംസ്കാരിക പാരമ്പര്യമുണ്ട്. എന്റെ കരിയറിൽ ഉടനീളം, കന്നഡ സമൂഹം എനിക്ക് നൽകിയ ഊഷ്മളതയും വാത്സല്യവും ഞാൻ വിലമതിച്ചിട്ടുണ്ട്. വ്യക്തമായ മനസാക്ഷിയോടെയും ബോധ്യത്തോടെയും ഞാൻ ഇത് പറയുന്നു, ഭാഷയോടുള്ള എന്റെ സ്നേഹം യഥാർഥമാണ്. കന്നഡിഗർക്ക് അവരുടെ മാതൃഭാഷയോടുള്ള സ്നേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്.
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എല്ലാ ഭാഷകളുമായും ഉള്ള എന്റെ ബന്ധം ശാശ്വതവും ഹൃദയംഗമവുമാണ്. എല്ലാ ഇന്ത്യൻ ഭാഷകളുടെയും തുല്യ അന്തസ്സിനായി ഞാൻ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. കൂടാതെ ഏതെങ്കിലും ഒരു ഭാഷ മറ്റൊന്നിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യൻ യൂനിയന്റെ ഭാഷാപരമായ ഘടനയെ ദുർബലപ്പെടുത്തുന്നു.
എനിക്ക് സിനിമയുടെ ഭാഷ അറിയാം, അത് സംസാരിക്കാനും കഴിയും. സിനിമ എന്നത് സ്നേഹവും അടുപ്പവും മാത്രം അറിയുന്ന ഒരു സാർവത്രിക ഭാഷയാണ്. എന്റെ പ്രസ്താവന നമുക്കെല്ലാവർക്കും ഇടയിൽ ആ ബന്ധവും ഐക്യവും സ്ഥാപിക്കുന്നതിനായിരുന്നു.
എന്റെ സീനിയേഴ്‌സ് എനിക്ക് പഠിപ്പിച്ചു തന്ന ഈ സ്‌നേഹവും ബന്ധവുമാണ് ഞാൻ പങ്കുവെക്കാൻ ആഗ്രഹിച്ചത്. ഈ സ്‌നേഹത്തിൽ നിന്നാണ് ശിവണ്ണ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ പേരിൽ ശിവണ്ണക്ക് ഇത്രയും നാണക്കേട് സഹിക്കേണ്ടി വന്നതിൽ എനിക്ക് ശരിക്കും ഖേദമുണ്ട്. എന്നാൽ നമ്മുടെ യഥാർഥ സ്‌നേഹവും പരസ്പര ബഹുമാനവും എപ്പോഴും നിലനിൽക്കുമെന്നും കൂടുതൽ ദൃഢമാകുമെന്നും എനിക്ക് ഉറപ്പുണ്ട്.
സിനിമ ജനങ്ങൾക്കിടയിലുള്ള ഒരു പാലമായി നിലനിൽക്കണം. അല്ലാതെ അവരെ വേർതിരിക്കുന്ന മതിലായി മാറരുത്. ഇതായിരുന്നു എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം. പൊതു അസ്വസ്ഥതകൾക്കും ശത്രുതക്കും ഞാൻ ഒരിക്കലും ഇടം നൽകിയിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുകയുമില്ല.
എന്റെ വാക്കുകൾ ഉദ്ദേശിച്ച രീതിയിൽ സ്വീകരിക്കപ്പെടുമെന്നും, കർണാടകയോടും അവിടുത്തെ ജനങ്ങളോടും അവരുടെ ഭാഷയോടുമുള്ള എന്റെ വാത്സല്യം അതിന്റെ യഥാർഥ വെളിച്ചത്തിൽ തിരിച്ചറിയപ്പെടുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഈ തെറ്റിദ്ധാരണ താൽക്കാലികമാണെന്നും നമ്മുടെ പരസ്പര സ്നേഹവും ബഹുമാനവും ആവർത്തിക്കാനുള്ള അവസരമാണെന്നും ഞാൻ വിശ്വസിക്കുന്നു.
വിശ്വസ്തതയോടെ,
കമൽഹാസൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

