'അടഞ്ഞ വാതിലുകളേക്കാൾ നല്ലത് തുറന്ന ചർച്ച': ഗ്യാനേഷ് കുമാർ പ്രതിപക്ഷ എംപിമാരെ കാണണമെന്ന് കമൽഹാസൻ
text_fieldsകമൽഹാസൻ
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യത്തിലും നിഷ്പക്ഷതയിലുമുള്ള ജനങ്ങളുടെ വിശ്വാസം ദുർബലമാവുകയാണെന്ന് ചൂണ്ടിക്കാട്ടി നടനും രാജ്യസഭാ എം.പിയുമായ കമൽഹാസൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, പ്രതിപക്ഷ എം.പിമാരുമായി കൂടിക്കാഴ്ച നടത്താൻ സി.ഇ.സി തയാറാകണമെന്നും അഭ്യർത്ഥിച്ചു.
'ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനുള്ള അപേക്ഷ' എന്ന വിഷയത്തിൽ എക്സിൽ പങ്കുവെച്ച കത്തിലാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്. ജാതിമത ഭേദമന്യേ പൗരന്മാർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശമെന്നും, അത് സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്.ഐ.ആർ നടപടികൾ തിടുക്കത്തിലും ചില സന്ദർഭങ്ങളിൽ തെറ്റായ രീതിയിലും നടപ്പിലാക്കിയത് വോട്ടവകാശം നിഷേധിക്കപ്പെടുമോ എന്ന ആശങ്കക്ക് കാരണമായിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ മേധാവി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും 'വോട്ട് ചോരി' ആരോപിച്ചും 'ഇന്ത്യാ' മുന്നണിയിലെ പ്രതിപക്ഷ എം.പിമാർ ഡൽഹി സമരം നടത്തിയതിന്റെ പിന്നാലെയാണ് കമൽഹാസൻ കത്തയച്ചത്. തെരഞ്ഞെടുപ്പ് കമീഷണർമാരെ കാണാൻ സമയം ആവശ്യപ്പെട്ട് എട്ട് മണിക്കൂർ നീണ്ട ധർണക്ക് പിന്നാലെയാണ് സമരം ശക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പാർലമെന്റ് കോംപ്ലക്സിൽ വെച്ച് പ്രതിപക്ഷ എം.പിമാരെ കണ്ട് ചർച്ച നടത്താൻ സി.ഇ.സി തയാറാകണമെന്ന് ആവശ്യപ്പെട്ട് കമൽഹാസൻ രംഗത്തെത്തിയത്.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ആവശ്യവുമല്ലെന്നും, രാജ്യത്തിന്റെ വിശാലമായ ദേശീയ താൽപ്പര്യ മുൻനിർത്തിയാണ് ഈ അഭ്യർത്ഥനയെന്നും അദ്ദേഹം വ്യക്തമാക്കി. ജാതി-രാഷ്ട്രീയ ഭേദമന്യേ ജനാധിപത്യ സ്ഥാപനങ്ങളിൽ വിശ്വാസം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അടഞ്ഞ വാതിലുകളേക്കാൾ നല്ലത് തുറന്ന ചർച്ചകളാണെന്നും കത്തിൽ പറയുന്നു. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ അർഹരായ വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വോട്ടർ പട്ടിക കൃത്യവും കുറ്റമറ്റതുമാക്കാനാണ് ഈ നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി തുടർച്ചയായ മൂന്നാം ദിനവും പ്രതിപക്ഷം പ്രതിഷേധവുമായി ഡൽഹിയുടെ തെരുവിലിറങ്ങും. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉൾപ്പെടെ കൂടുതൽ ഇൻഡ്യ സഖ്യ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

