'അഗാധമായ ദുഃഖം നിറയുന്നു; ദയവായി ഉത്തരവാദിത്തത്തോടെ പെരുമാറുക' ബംഗളൂരു ദുരന്തത്തിൽ അപലപിച്ച് കമൽഹാസനും ആർ. മാധവനും
text_fieldsമുംബൈ: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപലപിച്ച് നടൻ കമൽഹാസനും ആർ. മാധവനും.'ബാംഗ്ലൂരിലേത് ഹൃദയഭേദകമായ ദുരന്തം. അത്യധികം ദുഃഖിതനാണ് ഞാൻ, ഈ ദുഃഖ നിമിഷത്തിൽ എന്റെ ഹൃദയം ഇരകളുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് കമൽ ഹാസൻ കുറിച്ചത്.
'ഇത് വളരെ ഹൃദയഭേദകമാണ്. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം. ദയവായി ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറുക, അധികാരികളുമായി ആലോചിക്കാതെ കിംവദന്തികൾക്ക് മറുപടി നൽകരുത്' എന്ന് മാധവൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് നടൻ വിവേക് ഒബ്‌റോയും എത്തിയിട്ടുണ്ട്. ബംഗളൂരുവിലെ തിക്കിലും തിരക്കിലും ദാരുണമായി നഷ്ടപ്പെട്ട ജീവിതങ്ങളെ ഓർത്ത് ദുഃഖിക്കുമ്പോൾ, അഗാധമായ ദുഃഖം നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് ശരിക്കും ദുഃഖകരമാണ്, പ്രത്യേകിച്ച് ക്രിക്കറ്റിലെ കൂട്ടായ സന്തോഷത്തിന്റെ നിമിഷമായിരിക്കേണ്ടിയിരുന്ന സമയത്ത് എന്നാണ് വിവേക് എക്സിൽ കുറിച്ചത്.
ഐ.പി.എല്ലിൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ അണപൊട്ടിയൊഴുകിയെത്തിയ ആരാധക വൃന്ദത്തിന്റെ തിക്കും തിരക്കുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം.
വൈകീട്ട് മൂന്നരയോടെ വിധാൻ സൗധ പരിസരത്തു നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ ആർ.സി.ബി ടീമിന്റെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നു. എന്നാൽ, സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗളൂരു പൊലീസ് പരേഡിന് അനുമതി നൽകിയില്ല. പിന്നീട് സ്റ്റേഡിയത്തിന് മുന്നിലെ റോഡിൽ 10 മിനിറ്റ് മാത്രം പരേഡിന് അനുമതി നൽകി.
ഇതോടെ ആരാധകർ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മുന്നിലെ പ്രധാന കവാടത്തിന് സമീപത്തെ റോഡിലേക്ക് തിരിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി. തിരക്കിൽ നിലത്തു വീണ പലർക്കും ആളുകളുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

