പ്രിയ മോഹൻലാൽ, നിങ്ങളുടെ നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസ വാക്കിനും കഴിയില്ല; കമൽ ഹാസൻ
text_fieldsതിരുവനന്തപുരം: നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ സിനിമാലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്. അടുത്ത സുഹൃത്തും പ്രമുഖ നടനുമായ കമൽ ഹാസൻ അനുശോചനം അറിയിച്ച് രംഗത്തെത്തി.
'മോഹൻലാൽ, ഈ ഒരു നിമിഷത്തിൽ നിങ്ങളെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളുടെ നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസ വാക്കിനും കഴിയില്ല. ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും' എന്നാണ് കമൽ ഹാസൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.
മോഹൻലാലിന്റെ അമ്മയുടെ വിയോഗവാർത്ത പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ നിരവധി ആളുകളാണ് അനുശോചന രേഖപ്പെടുത്തിയത്. വ്യക്തിപരമായ ജീവിതത്തിലും കരിയറിലും അമ്മയുടെ പിന്തുണ ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് മുമ്പ് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്.
അതേസമയം മരണവിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും കൊച്ചി എളമക്കരയിലുള്ള മോഹൻലാലിന്‍റെ വീട്ടിലേക്ക് എത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. 90 വയസ്സായിരുന്നു പ്രായം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ മറ്റൊരു മകനാണ്. സംസ്കാര ചടങ്ങുകൾ തിരുവനന്തപുരത്തായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.
സ്ട്രോക്ക് വന്നതോടെയാണ് ശാന്തകുമാരി മോഹൻലാലിനൊപ്പം കൊച്ചിയിലേക്ക് താമസം മാറുന്നത്. ഹൈബി ഈഡൻ എം.പി ഉൾപ്പെടെയുള്ളവർ ഇപ്പോൾ നടന്‍റെ വീട്ടിൽ എത്തിയിട്ടുണ്ട്. മൃതദേഹം രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും എന്ന് ഹൈബി ഈഡൻ മാധ്യമങ്ങളോട് പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടി കേരളത്തിൽ എത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് അമ്മയെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

