വെട്ടിച്ചുരുക്കലിന് രേഖാമൂലമുള്ള ന്യായീകരണം വേണം; സർട്ടിഫിക്കേഷൻ സുതാര്യമാവണം -കമൽഹാസൻ
text_fieldsകമൽ ഹാസൻ
ചെന്നൈ: രാജ്യത്തെ ചലച്ചിത്ര സർട്ടിഫിക്കേഷൻ പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും വേണമെന്ന് നടനും രാഷ്ട്രീയപ്രവർത്തകമുമായ കമൽഹാസൻ. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ 'ജനനായകൻ' റിലീസ് ചെയ്യാൻ വൈകിയതിനെത്തുടർന്നുള്ള ചർച്ചകൾ നിലനിൽക്കുന്ന നിർണായക ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം അറിയിച്ചത്.
'സർട്ടിഫിക്കേഷൻ പ്രക്രിയകളെക്കുറിച്ചുള്ള തത്വാധിഷ്ഠിത പുനഃപരിശോധന, സുതാര്യമായ വിലയിരുത്തൽ, നിർദ്ദേശിക്കപ്പെട്ട ഓരോ വെട്ടിച്ചുരുക്കലിനോ എഡിറ്റിനോ ഉള്ള രേഖാമൂലമുള്ള ന്യായീകരണം എന്നിവ ആവശ്യമാണ്' -കമൽഹാസൻ പറഞ്ഞു. കലയ്ക്കും കലാകാരനും ഭരണഘടനക്കും വേണ്ടി എന്ന കുറിപ്പോടെ പങ്കുവെച്ച പ്രസ്താവനയിലാണ് താരം ഇത് വ്യക്തമാക്കിയത്.
കലാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സിനിമ സമൂഹം ഒന്നിച്ച് സർക്കാർ സ്ഥാപനങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടേണ്ട സമയമാണിതെന്നും ഇത്തരം പരിഷ്കരണം സൃഷ്ടിപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും കലാകാരന്മാരിലും ജനങ്ങളിലും വിശ്വാസം ഉറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും കമൽ ഹാസൻ കൂട്ടിച്ചേർത്തു.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ജനനായകൻ. പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടി. സെൻസർ ബോർഡിന്‍റെ നടപടികൾക്കെതിരെ നിർമാതാക്കൾ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി പറയുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റിയതോടെയാണ് നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറക്കാൻ കഴിയാതിരുന്നത്. ജസ്റ്റിസ് പി.ടി. ആശയാണ് കേസ് പരിഗണിച്ചത്. ബോർഡിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശൻ ഹാജരായി.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. എന്നാൽ സിംഗ്ൾ ബെഞ്ച് ഉത്തരവിനെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ് ബെഞ്ചിന്റെ ഉത്തരവ്. ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെ നിർമാണ കമ്പനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

