'അച്ഛന് ഇന്‍സ്റ്റഗ്രാം ഉണ്ടെന്ന് ഈ നിമിഷം വരെ അറിയില്ലായിരുന്നു'; വിസ്മയക്കുള്ള പ്രിയദര്‍ശന്‍റെ ആശംസയില്‍ കല്യാണി
text_fieldsമോഹൻലാലിന്‍റെ മകൾ വിസ്മയ സിനിമ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാള സിനിമയിലെ നിരവധി പ്രമുഖർ വിസ്മയക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ പ്രിയദർശൻ വിസ്മയക്ക് ആശംസ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'കല്യാണിക്ക് ലോക ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ' എന്നായിരുന്നു പ്രിയദർശൻ കുറിച്ചത്.
ഇപ്പോഴിതാ, പ്രിയദർശന്‍റെ ആശംസകൾ പങ്കിട്ടുകൊണ്ട് രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ. അച്ഛന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് ഈ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കല്യാണി എഴുതിയത്. താന്‍ കള്ളം പറയുകയല്ലെന്നും കല്യാണി പറയുന്നുണ്ട്. വിസ്മയക്ക് ആശംസകളറിയിച്ചും കല്യാണി സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്.
'എന്റെ ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്. അങ്ങനെയാണ് ഞങ്ങൾ ഒരു കുടുംബമായി വളർന്നത്. ലാൽ പറഞ്ഞതുപോലെ, അവർ സിനിമയിലേക്ക് ചുവടുവെക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കല്യാണിക്ക് ലോക ലഭിച്ചതുപോലെ, മായയുടെ തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ...' -എന്നായിരുന്നു പ്രിയദർശൻ പങ്കുവെച്ച പോസ്റ്റ്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലാണ് വിസ്മയ അഭിനയിക്കുന്നത്. ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് തുടക്കം. അതേസമയം, സിനിമയുടെ സ്വിച്ച് ഓൺ കർമം സുചിത്രയും ക്ലാപ് പ്രണവ് മോഹൻലാലും നിർവഹിച്ചു. മോഹൻലാൽ, സുചിത്ര, പ്രണവ്, വിസ്മയ, ജൂഡ് ആന്റണി ജോസഫ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെയോ ഴോണറിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബാറോസി’ൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

