‘18 ഗുളികകൾ കഴിച്ചു. തുടർന്ന് അബോധാവസ്ഥയിലായി, ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല’; നടന്നത് ആത്മഹത്യ ശ്രമമല്ലെന്ന് ഗായിക കൽപ്പന രാഘവേന്ദർ
text_fieldsകൽപന
ഹൈദരാബാദ്: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്ന് പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ. ഹൈദരാബാദിലെ വസതിയിൽ കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. സമ്മർദം മൂലമാണ് താൻ ഉറക്ക ഗുളികകൾ അമിതമായി കഴിച്ചതെന്ന് കൽപ്പന വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ അഞ്ച് വർഷമായി കൽപനയും ഭർത്താവും നിസാംപേട്ടിലാണ് താമസിക്കുന്നത്. മാർച്ച് മൂന്നിന് മകൾ ദയ പ്രസാദുമായി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി ഗായിക പൊലീസിനോട് പറഞ്ഞു. മകളെ ഹൈദരാബാദിൽ പഠിപ്പിക്കണമെന്ന് കൽപന ആഗ്രഹിച്ചെങ്കിലും ദയ വിസമ്മതിച്ചു. മാർച്ച് നാലിന് എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ കൽപന പലതവണ ഉറങ്ങാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ് ഉറക്കഗുളിക കഴിച്ചത്.
"എട്ട് ഗുളികകൾ കഴിച്ചെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. പത്ത് ഗുളികകൾ കൂടി കഴിച്ചപ്പോൾ ബോധം നഷ്ടപ്പെട്ടു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല" -കൽപ്പന പൊലീസിനോട് പറഞ്ഞു.
തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും ഉറക്കമില്ലായ്മക്കുള്ള മരുന്ന് കൂടിപ്പോയതാണെന്നും മകൾ അറിയിച്ചിരുന്നു. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ രംഗത്തെത്തിയത്. തന്റെ അമ്മക്ക് ഒരു പ്രശ്‌നവുമില്ലെന്നും അവർ പൂർണമായും സുഖമായിരിക്കുന്നെന്നും മകൾ പറഞ്ഞു. പി.എച്ച്.ഡിയും എൽ.എൽ.ബിയും ചെയ്യുന്നതിനാൽ ഉറക്കമില്ലായ്മക്ക് കാരണമായെന്നും ഇതിന്റെ ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദേശിച്ച ഗുളികകൾ കഴിച്ചു, എന്നാൽ സമ്മർദ്ദം കാരണം, കഴിച്ച മരുന്നിന്റെ അളവ് അല്പം കൂടിപ്പോയി. ഒരു വാർത്തയും തെറ്റായി വ്യാഖ്യാനിക്കരുതെന്നാണ് മകൾ ദയ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

