ശബ്ദം നഷ്ടപ്പെടാൻ കാരണക്കാരനായ മേക്കപ്പ്മാന് അവസാനകാലത്ത് താങ്ങായി നടി കലാരഞ്ജിനി; 'അതൊരു അബദ്ധം മാത്രമായിരുന്നു'
text_fieldsമലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ ദശാബ്ദങ്ങളായി സജീവ സാന്നിധ്യമാണ് പ്രശസ്ത ചലച്ചിത്ര താരം കലാരഞ്ജിനി. പ്രമുഖ നടിമാരായ കൽപ്പനയുടെയും ഉർവശിയുടെയും സഹോദരികൂടിയാണ് താരം. സിനിമാ സെറ്റിലുണ്ടായ ഒരു ചെറിയ അബദ്ധം കാരണം തന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ ദുരന്തത്തിന് കാരണക്കാരനായ മേക്കപ്പ് ആർട്ടിസ്റ്റിനെക്കുറിച്ചും മടി മനസ്സ് തുറന്നു.
പഴയകാലത്ത് നടൻ പ്രേംനസീറിനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് കലാരഞ്ജിനിക്ക് ദുരനുഭവമുണ്ടായത്. ചിത്രത്തിൽ രക്തം തുപ്പി മരിക്കുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ നാളികേര എണ്ണക്ക് പകരം അബദ്ധത്തിൽ ആസിഡ് കലർത്തിയ വ്യാജ രക്തം വായിലേക്ക് ഒഴിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് അവരുടെ തൊണ്ടയും വായയും പൊള്ളാനും നീര് വെക്കാനും ഇടയാക്കി. തുടർന്ന് മൂന്ന് മാസത്തോളം ആശുപത്രിയിൽ വലിയ ചികിത്സകൾക്ക് വിധേയയാകേണ്ടി വന്നു. ഈ സംഭവം അവരുടെ കരിയറിനെ ഗുരുതരമായി ബാധിക്കുകയും ശബ്ദം നഷ്ടപ്പെടുത്തുകയും ചെയ്തു.
എന്നാൽ തനിക്ക് ഇത്രയും വലിയ ദുരന്തം വരുത്തിവെച്ച മേക്കപ്പ് ആർട്ടിസ്റ്റായ കെ.വി. ഭാസ്കറിനോട് തനിക്ക് യാതൊരുവിധ പരാതിയോ ദേഷ്യമോ ഇല്ലെന്ന് കലാരഞ്ജിനി വ്യക്തമാക്കുന്നു. ആ സംഭവത്തിന് ശേഷം സെറ്റിൽ എല്ലാവരും അദ്ദേഹത്തെ അകറ്റിനിർത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ സഹായഹസ്തം നീട്ടിയത് താനാണെന്ന് താരം ഓർക്കുന്നു.
'അതൊരു ചെറിയ അബദ്ധം മാത്രമായിരുന്നു. അദ്ദേഹം ഒരിക്കലും തന്റെ തൊഴിലിൽ ഇങ്ങനെയൊരു ക്രൂരത മനപ്പൂർവ്വം ചെയ്യില്ല. മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭരായ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു കെ.വി. ഭാസ്കർ. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പറ്റിയ കൈയബദ്ധം കൊണ്ട് എന്റെ ജീവിതം ഇങ്ങനെയായിത്തീരുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടുണ്ടാവില്ല,' കലാരഞ്ജിനി പറയുന്നു. അദ്ദേഹത്തിന്റെ മക്കളുമായും തനിക്ക് ഇന്നും നല്ല ബന്ധമാണുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ശബ്ദം നഷ്ടപ്പെട്ടിട്ടും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് കലാരഞ്ജിനി സിനിമയിൽ പിടിച്ചുനിന്നത്. തുടക്കത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് അംമ്പിളിയായിരുന്നു അവർക്കായി ശബ്ദം നൽകിയിരുന്നത്. പിന്നീട് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്റെ ചിത്രത്തിൽ സ്വന്തം ശബ്ദം ഉപയോഗിക്കാൻ ആവശ്യപ്പെട്ടെങ്കിലും തുടക്കത്തിൽ ആത്മവിശ്വാസമില്ലായിരുന്നു. എന്നാൽ ചിറകൊടിഞ്ഞ കിനാവുകൾ തുടർന്ന് സംവിധായകൻ കൃഷ്ണദാസിന്റെ നിർബന്ധപ്രകാരം ഭരതനാട്യം, മോഹിനിയാട്ടം എന്നീ ചിത്രങ്ങളിലൂടെ താരം വീണ്ടും തന്റെ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാൻ തുടങ്ങി. അങ്ങനെ സിനിമാ ലോകത്തേക്ക് തന്റെ ശബ്ദം തിരികെപ്പിടിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

