വിവാഹം 24 വയസ്സുള്ളപ്പോൾ; എനിക്ക് അമ്മയുണ്ടല്ലോ, പിന്നെ അമ്മായിയമ്മയെ ‘മമ്മി’യെന്ന് വിളിക്കുന്നതെന്തിനെന്ന് സംശയമുണ്ടായിരുന്നു -കജോൾ
text_fieldsവിവാഹത്തിലൂടെ ഉണ്ടാകുന്ന വൈകാരികമോ പ്രായോഗികമോ ആയ മാറ്റങ്ങൾ പൂർണമായി മനസ്സിലാക്കാതെയാണ് പലരും വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്. തനിക്ക് വെറും 24 വയസ്സ് മാത്രമുള്ളപ്പോഴാണ് അജയ് ദേവ്ഗണിനെ വിവാഹം കഴിച്ചതെന്നും എന്നാൽ അതിന് പൂർണമായും തയാറായിരുന്നില്ല എന്നും പറയുകയാണ് നടി കജോൾ. വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ തനിക്ക് വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു എന്ന് അവർ വ്യക്തമാക്കി.
‘‘24ാം വയസ്സിൽ വിവാഹിതയായ സമയത്ത് എങ്ങനെ മുന്നോട്ടുപോകണം എന്നതു സംബന്ധിച്ച് എനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. ഞാനാരായി മാറുമെന്നും എനിക്കെന്താണ് വേണ്ടതെന്നും ഒരു നിശ്ചയവുമല്ലായിരുന്നു. അമ്മായിയമ്മയെ ‘മമ്മി’യെന്ന് വിളിക്കുന്നതെന്തിന് എന്നുപോലും എനിക്ക് സംശയമുണ്ടായിരുന്നു. എനിക്ക് അമ്മയുണ്ടല്ലോ എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്’’ -കജോൾ പറഞ്ഞു.
അമ്മായിയമ്മയുടെ പിന്തുണയെ കജോൾ പ്രശംസിച്ചു. ഒരു പ്രത്യേക രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ലെന്ന് ഓർമിച്ചു. 'മമ്മി എന്ന് വിളിക്കണമെന്ന് അവർ ഒരിക്കലും നിർബന്ധിച്ചിട്ടില്ല. എന്നോട് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. അത് സംഭവിക്കേണ്ട സമയത്ത് സ്വയം സംഭവിക്കുമെന്ന് പറഞ്ഞു, അങ്ങനെ തന്നെ സംഭവിച്ചു' -കജോൾ പറഞ്ഞു. മകൾ നൈസ ജനിച്ചതിനുശേഷം സിനിമയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ അമ്മായിയമ്മയാണ് ഏറ്റവും വലിയ പിന്തുണയായി മാറിയതെന്ന് നടി പറഞ്ഞു. ജോലി ചെയ്യണമെന്നുണ്ടെങ്കിൽ തീർച്ചയായും ചെയ്യണെമെന്ന് അവർ പറഞ്ഞതായി കജോൾ ഓർമിച്ചു.
അതേസമയം, സന്തുഷ്ട ദാമ്പത്യത്തെക്കുറിച്ച് കജോൾ നേരത്തെ സംസാരിച്ചിരുന്നു. ആഡംബരമായ ഡേറ്റ് നൈറ്റുകളോ നിരന്തരമായ റൊമാൻസുകളോ അല്ല, ഇതിലും വളരെ ലളിതമായ കാര്യമാണ് ദീർഘകാല ബന്ധത്തിന് പിന്നിലെന്ന് വിജയത്തിന് പിന്നിലെന്ന് താരം പറയുന്നു. മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കജോൾ മനസ്സ് തുറന്നത്.
അജയും താനും തികച്ചും വ്യത്യസ്തരാണ്. അങ്ങനെയല്ലായിരുന്നെങ്കിൽ ഇത്രയും വർഷം ഒരുമിച്ച് ഉണ്ടാകുമായിരുന്നില്ലെന്ന് കജോൾ പറഞ്ഞു. സന്തുഷ്ടകരമായ ദാമ്പത്യബന്ധത്തിനായി നിങ്ങളുടെ പങ്കാളിയെക്കുറിച്ചുള്ള ചില കാര്യങ്ങൾ നിങ്ങൾ ശരിക്കും മറക്കുകയും അവർ പറഞ്ഞ കാര്യങ്ങൾ കേൾക്കാതിരിക്കുകയും ചെയ്യണമെന്ന് കജോൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

