പ്രസവാനന്തര വിഷാദം നേരിട്ടു; മറികടന്നതിനെ കുറിച്ച് കാജല്‍ അഗര്‍വാള്‍
text_fieldsപ്രസവാനന്തരം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാജൽ അഗർവൾ. സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. മകൻ നീൽ ജനിച്ചതിന് ശേഷം ഡിപ്രഷൻ അനുഭവപ്പെട്ടെന്നും ഭർത്താവും കുടുംബാംഗങ്ങളും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നെന്നും കാജൽ പറഞ്ഞു.
'അതെ ഞാനും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ നേരിട്ടിട്ടുണ്ട്. ഇത് സാധാരണയാണ്. ഈ സമയത്ത് കുടുംബത്തിന്റെ പിന്തുണ വളരെ അത്യാവശ്യമാണ്. നമുക്ക് വേണ്ടി സമയം കണ്ടെത്തുന്നത് ഒരുപാട് സഹായിക്കും. നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. വർക്കൗട്ടും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതും ഒരു തെറാപ്പി പോലെ നിങ്ങളെ സഹായിക്കും. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഞാൻ വിഷാദത്തെ മറികടന്നു. കാരണം എല്ലാം മനസിലാക്കി കൂടെ നിൽക്കുന്ന കുടുംബമാണ് എന്റേത്. മോശം സമയത്ത് എന്റെ ഭർത്താവിനെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്'- കാജൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഗര്‍ഭാകാലം വരുത്തിയ മാറ്റങ്ങളെക്കുറിച്ചും കാജൽ സംസാരിച്ചു. 'ശരീരത്തെക്കാൾ കൂടുതൽ മാനസിക വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ജീവിതം വളരെ മനോഹരമായ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്യും. ആ നിമിഷത്തിൽ ജീവിക്കുക. അതിനെ പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞ് ജനിക്കുക എന്നത് വളരെ അനുഗ്രഹമാണ്. കൂടാതെ മകൻ ജനിച്ച് രണ്ട് മാസത്തിന് ശേഷം അഭിനയത്തിലേക്ക് പോകാന്‍ പറ്റിയതും മറ്റൊരു അനുഗ്രഹമായി കാണുന്നു. പഴയ ലുക്കിലേക്ക് തിരിച്ചു പോവുക എന്നത് മാത്രമാണ് അൽപം സമയം എടുത്തത്'- നടി പറഞ്ഞു.
2022 മെയ് 19 നാണ് കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച് ലുവിനും മകൻ നീൽ ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ കാജൽ തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം മകന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

