'കാതൽ' സിനിമ എടുത്തയാളുടെ മകൻ എന്ന നിലയിൽ എന്‍റെ മകൻ ആക്രമിക്കപ്പെടുന്നുണ്ട് -ജിയോ ബേബി
text_fieldsകാതൽ എന്ന സിനിമ എടുത്ത ഒരാളുടെ മകൻ എന്ന നിലയിൽ തന്‍റെ മകൻ ആക്രമിക്കപ്പെടുന്നു എന്ന് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് നടന്ന ഗുഫ്തുഗു ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്കൂളുകളിൽ കുട്ടികളുടെ മൊത്തത്തിലുള്ള വികാസം മുന്നിൽ കണ്ട് പുതിയ സിലബസ് പരീക്ഷിക്കുന്നുണ്ടെന്നും എന്നാൽ അവ പ്രയോജനപ്പെടുന്നതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മകൻ പഠിക്കുന്നത് ഒരു എയിഡഡ് സ്കൂളിലാണെന്നും തങ്ങൾ താമസിക്കുന്നത് എറണാകുളം സിറ്റിക്ക് അകത്തുള്ള സാമ്പത്തികമായി ഉയർന്ന ആളുകൾ താമസിക്കുന്ന സ്ഥലത്താണ്. സാധാരണക്കാർക്കിടയിൽ നിന്ന് മാത്രമല്ല നാം അപ്പർ ക്ലാസ് എന്ന് വിളിക്കുന്നവർക്കിയയിലും ഇത് സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്ത് ഇംഗ്ലീഷിലാണെങ്കിൽ മറ്റൊരിടത്ത് അത് മലയാളത്തിലാണെന്ന് ജിയോ ബേബി പറഞ്ഞു.
മമ്മൂട്ടി നായകനായ ചിത്രമാണ് കാതൽ. ജ്യോതികയായിരുന്നു നായിക. 2023 നവംബർ 23നാണ് ചിത്രം തിയറ്ററുകളിവൽ എത്തിയത്. തമ്മിൽ പ്രണയിക്കുന്ന, കരയുന്ന പുരുഷന്മാരെ കാതലിലൂടെ നാം കണ്ടു. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയുടെ വേഷം അവതരിപ്പിച്ചപ്പോൾ ഭൂരിഭാഗം പ്രേക്ഷകരും അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാൽ, വിമർശനങ്ങളും വിയോജിപ്പുകളും ചിത്രത്തിന് ഉണ്ടായി. സ്വാതന്ത്ര്യത്തിനും സന്തോഷമുള്ള ജീവിതത്തിനുമായി പോരാടുന്ന ജ്യോതികയുടെ നായികാ കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
ഫെബ്രുവരി എട്ട് ഞായറാഴ്ച കോഴിക്കോട് ശിക്ഷക് സദനിലായിരുന്നു ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. വംശഹത്യ പ്രമേയമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ നിരവധി സാംസ്‌കാരിക പ്രവർത്തകരും സിനിമ പ്രവർത്തകരും പങ്കെടുത്തു. 'വംശഹത്യയുടെ ഇടനിലക്കാർ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ, ഗസ്സയിലുൾപ്പെടെ പ്രവർത്തനപരിചയമുള്ള ഡോ. സന്തോഷ് കുമാർ, ആക്ടിവിസ്റ്റ് നിഹാരിക പ്രദോഷ് എന്നിവർ സംസാരിച്ചു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംവിധായകരായ സുധ ലൂണ, കുഞ്ഞില മസിലാമണി, അഫ്രദ് വി.കെ, എഴുത്തുകാരി ദീദി ദാമോദരൻ എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തക ചന്ദ്ര സ്വസ്തിയായിരുന്നു ചർച്ച നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

