'28-ാം വയസ്സിൽ കുട്ടികളായി; അതിന് ശേഷം ഒരു ഹീറോക്കൊപ്പവും അവസരം ലഭിച്ചില്ല' -ജ്യോതിക
text_fieldsജ്യോതിക
തമിഴ് സിനിമ മേഖലയിൽ നടിമാർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ താരം ജ്യോതിക. നെറ്റ്ഫ്‌ളിക്‌സ് വെബ് സീരീസായ 'ഡബ്ബ കാര്‍ട്ടലി'ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. പ്രായമായിട്ടും പുരുഷന്മാർ സൂപ്പർ സ്റ്റാറുകളായി തുടരുന്നെന്നും എന്നാൽ സ്ത്രീകൾക്ക് അത് കഴിയുന്നില്ലെന്നുമുള്ള വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ജ്യോതിക.
“യഥാർഥത്തിൽ ദക്ഷിണേന്ത്യയിൽ ഇതൊരു വലിയ ചോദ്യമാണ്. എനിക്ക് 28 വയസ്സുള്ളപ്പോൾ കുട്ടികളുണ്ടായി. അതിനുശേഷം ഒരു താരത്തോടൊപ്പമോ നായകന്‍റെ കൂടെയോ പ്രവർത്തിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ സ്വയം പുതിയ സംവിധായകർക്കൊപ്പം കരിയർ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണ്. ഇതെല്ലാം പ്രായവുമായി ബന്ധപ്പെട്ടതാണ്" -ജ്യോതിക പറഞ്ഞു.
സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമകൾ ചെയ്യാൻ കെ. ബാലചന്ദറിനെ പോലെ വലിയ സിനിമാക്കാരോ പരിചയസമ്പന്നരായ സംവിധായകരോ ഇപ്പോഴില്ല, സ്ത്രീകൾക്ക് വേണ്ടിയുള്ള സിനിമകളോ സ്ത്രീകൾക്ക് പ്രധാന പങ്കുവഹിക്കുന്ന കഥകളോ ഇല്ല. വമ്പന്മാർക്ക് വേണ്ടി സിനിമകൾ നിർമിക്കുന്നവർ മാത്രമേ നമുക്കുള്ളൂ. ഈ കാലത്ത് ഒരു വനിത അഭിനേതാവിന് വേണ്ടി ഒരു വലിയ ചലച്ചിത്ര നിർമാതാവ് ഒരു സിനിമ നിർമിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ദക്ഷിണേന്ത്യയിലെ ഒരു സ്ത്രീയുടെ യാത്ര അങ്ങേയറ്റം കഠിനമാണെന്ന് തോന്നുന്നതായും ജ്യോതിക പറഞ്ഞു.
1960-കളിലെ മുംബൈയിലെ അഞ്ച് വീട്ടമ്മമാരുടെ കഥയാണ് 'ഡബ്ബ കാര്‍ട്ടലി'ൽ അവതരിപ്പിക്കുന്നത്. ഹിതേഷ് ഭാട്ടിയ സംവിധാനം ചെയ്ത വെബ് സീരീസിൽ ജ്യോതികക്കൊപ്പം നിമിഷ സജയൻ, ശാലിനി പാണ്ഡെ, അഞ്ജലി ആനന്ദ്, സായ് തംഹങ്കർ, ജിഷു സെൻഗുപ്ത, ലില്ലെറ്റ് ദുബെ എന്നിവരും അഭിനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

